സ്വാതന്ത്ര്യം കിട്ടി 75 വർഷം കഴിഞ്ഞിട്ടും ഇന്ത്യൻ ഫുട്ബോൾ തുടങ്ങിയിടത്ത് തന്നെയാണ്. 130 കോടി ജനങ്ങളിൽ നിന്ന് പന്ത് തട്ടാനറിയാവുന്ന 11 പേരെ കണ്ടെത്താനാവാത്തതിനാൽ ഇന്ത്യ മൈതാനത്തിന്റെ തലങ്ങും വിലങ്ങും എതിർ ടീമിന്റെ തട്ട് കൊണ്ട് ഓടുന്നു. ഇടയ്ക്ക് ഓരോ ബൈചുങ് ബൂട്ടിയയും സുനിൽ ഛേത്രിയും അവതരിക്കുന്നതല്ലാതെ വല്യ മാറ്റം ഒന്നുമില്ല. രാജ്യാന്തര തലത്തിൽ പ്രഗൽഭരായ പരിശീലകരെ കൊണ്ടു വന്നു. അവരുടെ കരിയർ പോയത് മിച്ചം. യുവ താരങ്ങളെ കണ്ടെത്താനും പരിപോഷിപ്പിക്കാനും ഐപിഎൽ മാതൃകയിൽ ISL കൊണ്ടു വന്നു. എന്നിട്ടും അങ്ങോട്ട് മെനയായില്ല. സകല ഭൗതിക അടവുകളും പയറ്റിയിട്ടും ഇതിനെയൊന്ന് രക്ഷിച്ചെടുക്കാൻ പറ്റുന്നില്ലല്ലോ എന്ന് ആലോചിച്ച് തല പുകച്ചിരുന്നപ്പോഴാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനിലെ ആരുടെയോ തലയിൽ ആത്മീയത കത്തിയത്.
അങ്ങനെ 2023 ഏഷ്യൻ കപ്പിന് മുന്നോടിയായി ടീം അംഗങ്ങളെ പ്രചോദിപ്പിക്കാൻ ജ്യോതിഷ രംഗത്ത് പ്രശസ്തരായ ഏജൻസിയുമായി 16 ലക്ഷം രൂപയുടെ കരാറിൽ ഫെഡറേഷൻ ഒപ്പു വച്ചു. യുവാക്കളുടെ ലീഗ് സംഘടിപ്പിക്കുന്നതിൽ വീഴ്ച വരുത്തിയ, പ്രധാന ടൂർണമെന്റുകൾ റദ്ദാക്കി കുപ്രസിദ്ധി നേടിയ ഫെഡറേഷൻ, രാജ്യത്തെ വീണ്ടും നാണം കെടുത്തിയെന്ന് മുൻ താരങ്ങളടക്കം വിമർശിച്ചു. എന്നിട്ടും ഫെഡറേഷൻ കുലുങ്ങിയില്ല. ഈ ഭൂ ഗോളത്തിൽ എങ്ങാണ്ട് ഒരിടത്ത് ഇരുന്ന് തിരിയുന്ന ചന്ദ്രനും ബുധനും ശുക്രനുമൊക്കെ ഭൂമിയിലുള്ളവരുടെ എന്തോരം പ്രശ്നങ്ങളാണ് ശരിയാക്കിയിട്ടുള്ളത്. അപ്പോൾ പിന്നെ നമ്മളെന്തിന് മാറി നിൽക്കണം എന്ന ലൈൻ. അധികം വൈകാതെ ആ അദ്ഭുതം സംഭവിച്ചു. ഗ്രൂപ്പ് ഡിയിൽ ജേതാക്കളായി ഇന്ത്യ ഏഷ്യൻ കപ്പിന് യോഗ്യത നേടി. എല്ലാം വന്ന് കയറിയ ജ്യോത്സന്റെ അനുഗ്രഹം. അല്ലാതെന്ത് പറയാൻ എന്ന് ഫെഡറേഷൻ. രാജ്യാന്തര തലത്തിൽ ഏറ്റവും കൂടുതൽ ഗോൾ അടിച്ചവരുടെ പട്ടികയിൽ ആറാമത് ഉള്ള ക്യാപ്റ്റൻ സുനിൽ ഛേത്രി അപ്പോ ആരായി…ശശി. മുൻപ് ഡൽഹി കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ഒരു ക്ലബ്, ലീഗ് മാച്ചിന് മുന്നോടിയായി ഒരു മന്ത്രവാദി ബാബയെ നിയമിക്കുകയും ശേഷം വിജയത്തിന്റെ ക്രഡിറ്റ് ബാബയ്ക്ക് നൽകുകയും ചെയ്തിരുന്നു. അന്ന് ക്ലബ് ആയിരുന്നെങ്കിൽ ഇപ്പോൾ ഫെഡറേഷൻ മൊത്തത്തിൽ കവടി വഴിയിൽ ആയെന്ന് മാത്രം.
ഇങ്ങനെ കവടി നിരത്തി മുന്നേറുന്നതിനിടയിൽ ജ്യോത്സ്യന്റെ സമയദോഷം കൊണ്ടാണെന്ന് തോന്നുന്നു വല്യ കുഴപ്പമില്ലാതിരുന്ന വ്യാഴ ദശ അവസാനിച്ച് ഫെഡറേഷന് ശനിയുടെ അപഹാരം തുടങ്ങിയത്. അന്താരാഷ്ട്ര ഫുഡ്ബോൾ ഫെഡറേഷൻ അഥവാ ഫിഫ ശനിയുടെ രൂപത്തിൽ വിഘ്നം സൃഷ്ടിച്ചുവെന്ന് പറഞ്ഞാൽ മതിയല്ലോ?. പല ചട്ടങ്ങളും ലംഘിച്ച ഫെഡറേഷന് ഫിഫ വിലക്കേർപ്പെടുത്തി. ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഈ ഭാഗത്ത് കണ്ടുപോയേക്കരുതെന്ന് അന്ത്യശാസനം നൽകി. ജ്യോത്സ്യൻ ഇതുവരെ ഈ പ്രശ്നത്തിന് പരിഹാരമൊന്നും നിർദ്ദേശിച്ചിട്ടില്ല. മിക്കവാറും വിലക്ക് മാറി മത്സരങ്ങളിൽ പങ്കെടുക്കാൻ ഒരു ഗണപതി ഹോമവും ടീമിന്റെ പേരിൽ ഒരു ശസ്ത്രുസംഹാര പൂജയും കഴിക്കും. ജാതകപരമായി അത്ര നല്ല കാലമല്ലാത്ത കളിക്കാരെ ടീമിലെടുക്കില്ല. രാഹുകാലം കഴിഞ്ഞിട്ടേ ടീം മൈതാനത്ത് ഇറങ്ങൂ. ഫിഫ എന്ത് പറഞ്ഞാലും കന്നിമൂലയിൽ നിന്ന് മാത്രമേ കോർണർ കിക്ക് എടുക്കൂ. വേണ്ടി വന്നാൽ എതിർ ടീമിന്റെ ഗോൾ പോസ്റ്റിന് ചുവട്ടിലും ഫിഫയുടെ ഓഫീസിന്റെ നാല് മൂലകളിലും കോഴിമുട്ടയിൽ കൂടോത്രം ചെയ്ത് കുഴിച്ചിടും. അല്ല പിന്നെ….ഈ ഫെഡറേഷന്റെ കൈയിൽ നിന്ന് ടീമിനെ രക്ഷിക്കാൻ എന്ത് ചെയ്യണമെന്ന് ചോദിച്ചാൽ….ഇതിന് പരിഹാരല്യ…ദി ഈസ് ഇൻക്യൂറബിൾ എന്നേ പറയാനൊക്കൂ.