Banner Ads

ഡോളോ കൊള്ള 1000 കോടി വിഴുങ്ങി ഡോക്ടർമാർ

    കോവിഡ് കാലത്ത് മലയാളി പരീക്ഷിച്ചു നോക്കാത്ത മരുന്നും മന്ത്രവുമില്ല.ആയുർവേദവും നാട്ടു വൈദ്യവും ഒറ്റ മൂലികളും എല്ലാം കയറിയിറങ്ങി പോയെങ്കിലും നമ്മൾ ലാൻഡ് ചെയ്തത് ഒരേയൊരു   ഡോളോയിലാണ്.

കോവിഡ് കാലത്ത് മലയാളി പരീക്ഷിച്ചു നോക്കാത്ത മരുന്നും മന്ത്രവുമില്ല.ആയുർവേദവും നാട്ടു വൈദ്യവും ഒറ്റ മൂലികളും എല്ലാം കയറിയിറങ്ങി പോയെങ്കിലും നമ്മൾ ലാൻഡ് ചെയ്തത് ഒരേയൊരു   ഡോളോയിലാണ്. പാരസെറ്റോമോളിൽ നിന്നും ഡോളോയിലേക്കുള്ള മലയാളികളുടെ കൂറുമാറ്റം വളരെ പെട്ടന്നായിരുന്നു.പണ്ടെല്ലാം നിർദ്ദേശിച്ചാൽ മാത്രം മരുന്നു കഴിച്ചിരുന്ന ശീലത്തിൽ നിന്നും നേരത്തിനു നേരം ഗുളിക വിഴുങ്ങുന്നവരായി നമ്മൾ മാറി.കൊറോണ കൂടി വന്നതോടെ ഏറ്റവും വിറ്റു വരവുള്ള വ്യവസായമായി മരുന്നു രംഗം.അത്യാവശ്യ മരുന്നുകളുടെ വില കണ്ണും പൂട്ടി തുറക്കും മുന്നെ രണ്ടിരട്ടിയായെങ്കിലും അതൊന്നും വിൽപനയെ ബാധിച്ചതേയില്ല എന്നാണ് കണക്കുകൾ പറയുന്നത്.എങ്ങനെ ബാധിക്കും എന്നല്ലേ, ഈ മരുന്നു കച്ചവടത്തിന് ആരോഗ്യ മേഖലയിൽ നിന്നു തന്നെ ഒത്താശകൾ അനവധിയാണ്.

ഈ കൊറോണക്കാലത്ത് ഡോക്ടർമാർ രോഗികൾക്ക് ഡോളോ650 തന്നെ കുറിച്ചു നൽകാൻ,അതിൻ്റെ നിർമ്മാതാക്കൾ ചിലവഴിച്ചത് 1000 കോടിയിലേറെ രൂപയാണ്. ഇതിനെതിരെ ഫെഡറേഷൻ ഓഫ് മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസൻ്റേറ്റീവ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് .ബംഗളൂരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മൈക്രോ ലാബ്സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഡോളോയുടെ നിർമ്മാതാക്കൾ. ഡോക്ടർമാർ ഡോളോയുടെ 650 ഡോസേജിലുള്ള മരുന്നുകൾ തന്നെ രോഗികൾക്ക് കുറിച്ച് നൽകുന്നതിനായി ഇവർ പാരിതോഷികങ്ങളും സൗജന്യ വിദേശ യാത്രകളുമടക്കം നൽകുകയുണ്ടായി എന്നാണ് ആരോപണം.ഇത്തരത്തിലുള്ള പ്രവർത്തികൾ ധാർമ്മികതയ്ക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് മുതിർന്ന അഭിഭാഷകനായ സഞ്ജയ് പരേഖ് വാദമുന്നയിച്ചത്.ഇന്ത്യയിൽ വിൽക്കപ്പെടുന്ന മരുന്നുകളുടെ വില ,ഡ്രഗ് ഫോർമുലേഷൻ മുതലായവയിൽ ആശങ്ക അറിയിച്ച് ഫെഡറേഷൻ ഓഫ് മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസൻ്റേറ്റീവ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ ആണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്.വാദം കേട്ട ജസ്റ്റിസ് ചന്ദ്രചൂഡും ജസ്റ്റിസ് ബൊപ്പണ്ണയും ഒരാഴ്ചക്കകം തങ്ങളുടെ ഭാഗം അറിയിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പാരസെറ്റോമോളിൽ നിന്നും ഡോളോയിലേക്കുള്ള മാറ്റം വളരെ                   പെട്ടന്നായിരുന്നു

തങ്ങളുടെ ടാബ്‌ലറ്റ് രോഗികൾക്ക് നിർദ്ദേശിക്കാനായി  1000 കോടി രൂപയുടെ സൗജന്യങ്ങൾ മൈക്രോലാബ്‌സ് ഡോക്ടർമാർക്ക് നൽകിയെന്ന ആരോപണം ആദ്യമായി വരുന്നത് കഴിഞ്ഞ ജൂലൈ 13 നാണ് . സെൻട്രൽ ബോർഡ് ഓഫ് ഡയറക്റ്റ് ടാക്സസ് ആണ് ഈ വാദവുമായി രംഗത്ത് വരുന്നത്.1000 ത്തിലധികം  കോടി രൂപ അധാർമ്മികമായ ആവശ്യങ്ങൾക്കായി ചിലവഴിക്കുന്നതായി കണ്ടെത്തിയെന്നയിരുന്നു ഇവർ പുറത്തു വിട്ട വിവരം . ജൂലൈ ആറിന് മൈക്രോ ലാബ്സ്സിൻ്റെ 9 സംസ്ഥാനങ്ങളിലെ 36 കേന്ദ്രങ്ങളിൽ ഇൻകം ടാക്സ് റെയ്ഡ്  നടത്തിയിരുന്നു. റെയ്‌ഡിൽ കണക്കിൽ കാണിക്കാൻ കഴിയാത്ത 1.20 കോടി രൂപയും 1.40 കോടി രൂപയുടെ സ്വർണ്ണവും പിടിച്ചെടുത്തു. അതോടൊപ്പം തന്നെ ടാബ്‌ലെറ്റ് നിർദേശിക്കാൻ ഡോക്ടർമാർക്ക് സൗജന്യങ്ങളും സമ്മാനങ്ങളും നൽകിയതിൻ്റെ തെളിവുകൾ രേഖകളായും ഡിജിറ്റൽ രൂപത്തിലുള്ള വിവരങ്ങളായും കണ്ടെടുക്കാൻ കഴിഞ്ഞു എന്നും കുറ്റം ചുമത്താനാവശ്യമായ മതിയായ രേഖകളാണ് ഇവയൊന്നും സി ബി ടി ഡി യുടെ പ്രസ്താവനയിൽ പറയുന്നു.
തെളിവുകൾ പ്രാഥമിക പരിശോധനക്ക് വിധേയമാക്കിയതിൽ നിന്നും ലഭിച്ച വിവരങ്ങൾ കഴിഞ്ഞ രണ്ടിലധികം വർഷമായി നടന്നു കൊണ്ടിരിക്കുന്ന അഴിമതിയുടെ കെട്ടഴിക്കുന്നതിൻ്റെ ആദ്യ പടി മാത്രമാണ്.
ഡോക്ടർമാർക്ക് നൽകിയ സൗജന്യങ്ങളുടെ കണക്കുകൾ അക്കൗണ്ട്സ് വിഭാഗത്തിൽ സെയിൽസ് ആൻഡ് പ്രൊമോഷൻസിനു കീഴിൽ പെടുത്തിയാണ് രേഖപ്പെടുത്തിക്കൊണ്ടിരുന്നത്.ഈ സൗജന്യങ്ങളിൽ വിദേശയാത്രകളും ആഡംബര ഹോട്ടലുകളിലെ താമസങ്ങളും ഉൾപ്പെട്ടിരുന്നു.ഇവയെല്ലാം സെമിനാർസ് ആൻഡ് സിംപോസിയംസ് , പ്രൊമോഷൻ ആൻഡ് പ്രൊപ്പഗാണ്ടാ ,മെഡിക്കൽ അഡ്വൈസറി മുതലായവയുടെ പേരിലാണ് നടത്തിക്കൊണ്ടിരുന്നത് എന്നും തെളിവുകൾ പറയുന്നു.ഇവയ്‌ക്കെല്ലാം ചിലവായ തുക ഏതാണ്ട് 1000 കോടിക്കടുത്ത് വരും.ഇതിലൂടെ കമ്പനി വെട്ടിച്ച നികുതി 300 കോടിയിലധികം വരും.ഇതിനു പുറമെ പ്രൊവിഷൻ ഓഫ് ടാക്സ് ഡിഡക്ഷൻ അറ്റ് സോഴ്സ് ആക്ടിൻ്റെ  ലംഘനങ്ങളും നടന്നതായി സി ബി ടി ഡി ആരോപിക്കുന്നുണ്ട്.

മരുന്ന് വ്യവസായ രംഗത്തെ ഇത്തരം പ്രവർത്തികൾ ഗുരുതര പ്രത്യാഘാതങ്ങൾക്ക് വഴി വയ്ക്കുന്നതാണ് എന്നതാണ് ഇതിൻ്റെ ഗൗരവം വർധിപ്പിക്കുന്നത്. 2002 ൽ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ റെഗുലേഷൻ കൊണ്ടുവന്ന ഡോക്ടർമാരുടെ  മാതൃക പെരുമാറ്റ ചട്ടം ഡോക്ടർമാരും മരുന്ന് കമ്പനികളും തമ്മിലുള്ള ബന്ധങ്ങൾ , ജോലിയുടെ ധാർമ്മികതയ്ക്ക് എതിരായ പ്രവർത്തനങ്ങൾ മുതലായവയെല്ലാം നിയന്ത്രിക്കുന്നുണ്ട്.ഇതിൽ നിന്ന് വ്യതിചലിക്കുന്നവരുടെ ലൈസൻസ് റദ്ധാക്കൽ അടക്കമുള്ള ശിക്ഷ നടപടികൾ സ്വീകരിക്കാനും വകുപ്പുണ്ട്.ഇത്തരമൊരു പെരുമാറ്റച്ചട്ടം മരുന്ന് കമ്പനികളുടെ കാര്യത്തിലും കൊണ്ടു വരേണ്ടതിൻ്റെ  അനിവാര്യത ഒരിക്കൽ കൂടി ചർച്ചയാവുകയാണ്.2009 ൽ ഡിപ്പാർട്മെൻ്റ് ഓഫ് ഫാർമസ്യൂട്ടിക്കൽസ് , UCPMP (Uniform Code for Pharmaceuticals Marketing Practices) എന്ന പേരിൽ മാർക്കറ്റിംഗിനും പ്രൊമോഷൻ രീതികൾക്കുമായി ഒരു ഏകീകൃത പെരുമാറ്റ ചട്ടം നിർദ്ദേശിച്ചിരുന്നു.എന്നാൽ ഇത് നിർബന്ധിത കോഡ് അല്ലാത്തതിനാൽ തന്നെ മിക്ക നിർമ്മാതാക്കളും ഇതിനെ കണ്ടതായി നടിക്കുന്നില്ല . 2017 ൽ എസ്സെൻഷ്യൽ കമ്മോഡിറ്റീസ് ആക്ട്നു കീഴിൽ പെടുത്തി യു സി പി എം പി യെ നിർബന്ധമാക്കാൻ ശ്രമം നടന്നെങ്കിലും അതെ വർഷം ഡിസംബറിൽ നിയമവകുപ്പ് അത് തള്ളിക്കളഞ്ഞു.നിലവിൽ മരുന്ന് കമ്പനികളുടെ പെരുമാറ്റച്ചട്ടം നീതി ആയോഗിൻ്റെ  പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ് . വില്പന വർധിപ്പിക്കാൻ ഒരു കമ്പനി നൽകിയ കൈക്കൂലി എന്ന നിലക്കോ ഒരു ഒറ്റപ്പെട്ട സംഭവമായോ ഈ പ്രശ്നത്തെ കണക്കാക്കാൻ കഴിയില്ല.ആരോഗ്യ രംഗത്തെ സാരമായി ബാധിക്കുന്ന ഈ പ്രശ്നത്തെ ഗുരുതരമായി തന്നെ കാണേണ്ടതുണ്ട്. കമ്പനികൾക്കെതിരെ കാര്യമായ നടപടികൾ തന്നെ എടുക്കുകയും വർഷങ്ങളായി ചുവപ്പു നാടയിൽ കിടക്കുന്ന യു സി പി എം പി യെ എത്രയും വേഗം തന്നെ മാതൃക പെരുമാറ്റചട്ടമായി പ്രാബല്യത്തിൽ കൊണ്ട് വരികയും വേണം

Leave a Reply

Your email address will not be published. Required fields are marked *