കൂട്ട എടിഎം കവര്‍ച്ച കേസിലെ പ്രതികളെ തൃശ്ശൂരിലെത്തിച്ചു. തമിഴ്നാട് പൊലീസിൽ നിന്നും പ്രതികളെ ഏറ്റുവാങ്ങിയ കേരളാ പൊലീസ് അന്വേഷണ സംഘം തൃശ്ശൂരിലെത്തിച്ചു അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് ഹരിയാന സ്വദേശികളായ അഞ്ചു പ്രതികളെയും തൃശ്ശൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു മെഡിക്കൽ പരിശോധന നടത്തി . ആകെയുള്ള ഏഴ് പ്രതികളില്‍ ഒരാളെ തമിഴ്നാട് പൊലീസ് നാമക്കലിൽ വെടി വെച്ചു കൊലപ്പെടുത്തിയിരുന്നു. വെടിവെപ്പിൽ പരിക്കേറ്റ മറ്റൊരു പ്രതിയുടെ ഒരു കാല്‍ മുറിച്ചു മാറ്റിയിട്ടുണ്ട്. ഇന്ന് കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതികളുമായി പൊലീസ് സംഘം നാളെ തെളിവെടുപ്പ് നടത്തും. ഇർഫാൻ, സബിർ ഖാൻ, ഷൗക്കീൻ ഖാൻ, മുഹമ്മദ് ഇഖ്റാം, മുബാരിഖ് എന്നിവരടക്കം ഏഴ് പ്രതികളാണ് കേസിലുള്ളത്. ഇതിൽ പ്രതികൾ രക്ഷപ്പെടാൻ ഉപയോഗിച്ച കണ്ടെയ്‌നറിന്റെ ഡ്രൈവറാണ് വെടിവെപ്പിൽ കൊല്ലപ്പെട്ട ജമാലുദ്ദീൻ. വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റ അസ്ഹർ അലിയുടെ കാലാണ് പിന്നീട് മുറിച്ചു മാറ്റിയത്..