ഹരിപ്പാട്: വഴി തർക്കത്തെ തുടർന്ന് യുവാവിനു ക്രൂരമർദ്ദനം ഒളിവിലായിരുന്ന പ്രതിയെ പിടികൂടി പോലീസ്. പള്ളിപ്പാട് തെക്കേക്കര കിഴക്ക് ശ്രീകുമാർ (44), വെട്ടിയാർ ഗായത്രി നിവാസിൽ രാഗേഷ് (39) എന്നിവരെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. പള്ളിപ്പാട് കിഴക്കേക്കര മുണ്ട് ചിറയിൽ അനീഷ് (39) ആണ് ഏപ്രിൽ ഒന്നാം തീയതി രാത്രി എട്ട് മണിക്ക് മർദ്ദനമേറ്റത്.
പ്രതിയായ രാഗേഷ് അനീഷിനെ ചുറ്റിക കൊണ്ട് തലയ്ക്കു അടിക്കുകയും, ശ്രീകുമാർ ദേഹോപദ്രവം എല്പിക്കുകയും ചെയ്യുകയായിരുന്നു. തലക്കു ഗുരുതരമായി പരിക്കേറ്റ അനീഷിനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും തുടർന്ന് വണ്ടാനം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ആക്രമണത്തിന് ശേഷം ഒളിവിൽപോയ പ്രതികളെ കഴിഞ്ഞ ദിവസം ഉച്ചയോടെ പൊലീസ് പിടികൂടിയായിരുന്നു.
ഇവർ തമ്മിൽ ഉണ്ടായിരുന്ന വഴി തർക്കത്തെ തുടർന്നുണ്ടായ വാക്ക് തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഹരിപ്പാട് സ്റ്റേഷൻ ഹൗസ് ഓഫീസർ മുഹമ്മദ് ഷാഫി, സബ് ഇൻസ്‍പെക്ടർമാരായ ഷൈജ, സിവിൽ പൊലീസ് ഓഫീസർമാരായ അനന്തു, അനിൽ കുമാർ, ഹരികുമാർ, നിഷാദ്, സജാദ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.