
കല്‍പ്പറ്റ: വയനാട് പനമരം ചെറുകാട്ടൂരിൽ വൻ നാടൻ ചാരായ വേട്ട. ഒൻപത് ലിറ്ററോളം വാറ്റുചാരായവും ഇത് നിർമ്മിക്കാൻ ഉപയോഗിച്ച ഉപകരണങ്ങളുമായി പനമരം പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. ചെറുകാട്ടൂർ കൈതക്കൽ പാറക്കുനി വീട്ടിൽ ഗോവിന്ദൻ (48) ആണ് പിടിയിലായത്.
ബുധനാഴ്ച ഉച്ചയോടെ പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ ഗോവിന്ദൻ്റെ വീട്ടിൽ പരിശോധന നടത്തുകയായിരുന്നു. വീട്ടിലെ പണി പൂർത്തിയാകാത്ത അറ്റാച്ച്ഡ് ബാത്ത്റൂമിൽ രണ്ട് കന്നാസുകളിലായി സൂക്ഷിച്ചിരുന്ന ഒൻപത് ലിറ്ററോളം നാടൻ ചാരായമാണ് പോലീസ് കണ്ടെടുത്തത്.ചാരായം വാറ്റാൻ ഉപയോഗിച്ച മൺകലവും, മൺ തളികയും, അലുമിനിയം ചെരിവവും, ബക്കറ്റും, വാഷും മുറിയുടെ ബർത്തിൽ നിന്നും താഴെയായും പോലീസ് പിടിച്ചെടുത്തു.
പനമരം ഇൻസ്പെക്ടർ എസ്.എച്ച്.ഒ പി.ജി. രാംജിത്തിൻ്റെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർ യു. മുഹമ്മദ് സുഹൈലിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.