
തിരുവനന്തപുരം : കേരള അഗ്നിരക്ഷാസേനയിൽ ആദ്യമായി വനിതാ സ്റ്റേഷൻ ഓഫീസർമാരെ നിയമിക്കാൻ തീരുമാനം. നിലവിൽ പുരുഷന്മാർ മാത്രം കൈകാര്യം ചെയ്തിരുന്ന ഈ തസ്തികയിലേക്ക് 12 ഒഴിവുകളാണ് പുതുതായി സൃഷ്ടിച്ചിട്ടുള്ളത്. അഗ്നിരക്ഷാസേന, ഹോം ഗാർഡ്, ആപത്മിത്ര, സിവിൽ ഡിഫൻസ് ഫോഴ്‌സ് സേനാംഗങ്ങളിലെ വനിതകളുടെ മേൽനോട്ടം, രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനം, പരാതി പരിഹാരം എന്നിവ ലക്ഷ്യമിടുന്നു.
സ്ത്രീകൾ ഉൾപ്പെടുന്ന അപകടങ്ങളിൽ കൂടുതൽ സുരക്ഷിതമായ രക്ഷാപ്രവർത്തനത്തിനും പ്രഥമശുശ്രൂഷ നൽകാനും വനിതാ ഓഫീസർമാരുടെ സേവനം പ്രയോജനപ്പെടുത്താം. യൂണിഫോം സേനകളിൽ സ്ത്രീകളുടെ എണ്ണം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നിലവിൽ വകുപ്പിൽ നൂറ് വനിതാ ഫയർ ഓഫീസർമാരെ നിയമിച്ചിട്ടുണ്ട്. ഇവരെ നയിക്കാൻ നിലവിൽ വനിതാ മേലുദ്യോഗസ്ഥർ ഇല്ലെന്ന കുറവ് ഇതോടെ പരിഹരിക്കപ്പെടും.
പുതുതായി സൃഷ്ടിച്ച 12 തസ്തികകളിലേക്ക് രണ്ട് രീതിയിലായിരിക്കും നിയമനം നടത്തുക. 50 ശതമാനം തസ്തികകളിലേക്ക് പി.എസ്.സി. മുഖേന നേരിട്ട് നിയമനം നടത്തും. ശേഷിക്കുന്ന 50 ശതമാനം തസ്തികകളിലേക്ക് നിലവിൽ സർവീസിലുള്ള വനിതാ ഫയർ ഓഫീസർമാരിൽ നിന്ന് പ്രൊമോഷൻ വഴി നിയമനം നടത്തും. സർവീസിൽ നിന്നുള്ള നിയമന മാനദണ്ഡങ്ങളും നേരിട്ടുള്ള നിയമനത്തിനുള്ള യോഗ്യതയും നിശ്ചയിച്ച ശേഷം ഉടൻ വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് അധികൃതർ അറിയിച്ചു.