Banner Ads

പുൽത്തൈലം വിക്കാനെത്തി ആറര പവൻ അടിച്ചുമാറ്റി; സർപ്പദോഷത്തിന്റെ പേരിൽ തട്ടിപ്പ് നടത്തിയ സ്ത്രീകൾ അറസ്റ്റിൽ

തൃശൂർ : സർപ്പദോഷമുണ്ടെന്നും മകൻ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി 70കാരിയുടെ ആറര പവനോളം വരുന്ന സ്വർണാഭരണങ്ങളും പണവും തട്ടിയെടുത്ത കേസിൽ രണ്ട് സ്ത്രീകൾ പിടിയിൽ. പടിഞ്ഞാറേ വെമ്പല്ലൂർ സ്വദേശിനി സുജാത (28), പാപ്പിനിവട്ടം സ്വദേശിനി റോജ (43) എന്നിവരെയാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.

കാഞ്ഞാണി പുത്തൻകുളം വല്ലത്തുപറമ്പിൽ സ്വർണ്ണലത (70) ആണ് തട്ടിപ്പിനിരയായത്. ഏകദേശം 6,75,000 രൂപയുടെ നഷ്ടമാണ് ഇവർക്കുണ്ടായത്. ഓഗസ്റ്റ് 6ന് ഉച്ചയ്ക്ക് 1.20ഓടെ പുൽത്തൈലം വിൽപ്പനയ്ക്കെന്ന വ്യാജേനയാണ് പ്രതികൾ സ്വർണ്ണലതയുടെ വീട്ടിലെത്തിയത്.

വീടിരിക്കുന്ന സ്ഥലത്തിന് കടുത്ത സർപ്പദോഷമുണ്ടെന്നും രണ്ടു ദിവസത്തിനുള്ളിൽ രണ്ടാമത്തെ മകൻ പാമ്പുകടിയേറ്റ് മരിക്കുമെന്നും പറഞ്ഞ് ഇവർ വൃദ്ധയെ ഭയപ്പെടുത്തി. സർപ്പകോപം തീർക്കാൻ സ്വർണം കൊണ്ട് നാഗത്തിന്റെ മുട്ടയും ശിലയും നിർമ്മിച്ച് പൂജിക്കണമെന്ന് വിശ്വസിപ്പിച്ചു.

ഇത് വിശ്വസിച്ച സ്വർണ്ണലത സ്വന്തം ആഭരണങ്ങളും മൂത്ത മരുമകളുടെ മാലയുമടക്കം ആറര പവൻ സ്വർണവും 6,500 രൂപയും പ്രതികൾക്ക് കൈമാറി. കബളിപ്പിക്കപ്പെട്ട വിവരമറിഞ്ഞ കുടുംബം അന്തിക്കാട് പോലീസിൽ പരാതി നൽകി. പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

അന്തിക്കാട് പോലീസ് ഇൻസ്പെക്ടർ കേഴ്‌സൺ വി മാർക്കോസിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതികൾ വിറ്റ 48 ഗ്രാം സ്വർണം ചെന്ത്രാപ്പിന്നിയിലെ ജ്വല്ലറിയിൽ നിന്ന് പോലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.