Banner Ads

ഇരുമുടിക്കെട്ട് ബലമായി വാങ്ങി വെച്ചു, ട്രാൻസ്ജെൻഡറായതിനാൽ തടഞ്ഞു; പരാതിയുമായി യുവതി ഹൈക്കോടതിയിൽ

കൊച്ചി : ശബരിമല ദർശനത്തിനെത്തിയ ട്രാൻസ്ജെൻഡർ യുവതിയെ പോലീസ് തടഞ്ഞ സംഭവത്തിൽ സർക്കാരിനോടും തിരുവിതാംകൂർ ദേവസ്വം ബോർഡിനോടും വിശദീകരണം തേടി ഹൈക്കോടതി. തമിഴ്‌നാട് സ്വദേശിയായ സത്യശ്രീ ശർമിള റഹ്മത്തലി (48) സമർപ്പിച്ച ഹർജിയിലാണ് നടപടി.

ഹർജി ഫയലിൽ സ്വീകരിക്കാതെ നോട്ടീസ് അയക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. വ്രതമെടുത്ത് ദർശനത്തിനായി കഴിഞ്ഞ 20ന് പമ്പാ ഗണപതി കോവിലിന് സമീപമെത്തിയ തന്നെ ട്രാൻസ്ജെൻഡർ ആണെന്ന കാരണത്താൽ പോലീസ് തടയുകയായിരുന്നു.

ട്രാൻസ്ജെൻഡറുകളെ മലകയറാൻ അനുവദിക്കരുതെന്ന് ദേവസ്വം ബോർഡിന്റെ നിർദ്ദേശമുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് പോലീസ് മടക്കി അയച്ചതെന്ന് ഹർജിയിൽ പറയുന്നു. മുൻപും ശബരിമല ദർശനം നടത്തിയിട്ടുള്ള തന്നോട് തമിഴ്‌നാട്ടിൽ നിന്നുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെട്ടത് വിവേചനപരമാണ്.

കൈയിലുണ്ടായിരുന്ന ഇരുമുടിക്കെട്ട് ബലമായി വാങ്ങി വെച്ചത് കടുത്ത മാനസിക വിഷമത്തിനിടയാക്കിയെന്നും സത്യശ്രീ ആരോപിച്ചു. ഹർജി സെപ്റ്റംബർ 3ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.