Banner Ads

മണിക്കൂറിൽ 50 കിമീ വേഗത്തിൽ കാറ്റടിച്ചേക്കാം; പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നുമുതൽ ഓഗസ്റ്റ് എട്ട് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ കാറ്റടിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.

കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീഴാനും ചില്ലകൾ ഒടിഞ്ഞുവീഴാനും സാധ്യതയുള്ളതിനാൽ മരങ്ങളുടെ ചുവട്ടിൽ നിൽക്കുന്നതും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.

അപകടകരമായ രീതിയിലുള്ള മരച്ചില്ലകൾ വെട്ടിയൊതുക്കാനും നിർദേശമുണ്ട്. കാറ്റിൽ വൈദ്യുതി പോസ്റ്റുകളും കമ്പികളും പൊട്ടി വീഴാൻ സാധ്യതയുണ്ട്. ലൈനുകളിൽ അപകടം കണ്ടാൽ പൊതുജനങ്ങൾ നേരിട്ട് അറ്റകുറ്റപ്പണികൾ നടത്തരുത്.

അപകടങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉടൻ തന്നെ കെഎസ്ഇബിയുടെ 1912 എന്ന നമ്പറിലോ, ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂം നമ്പറായ 1077ലോ വിവരമറിയിക്കുക. പത്രം, പാൽ വിതരണക്കാരും നിർമാണ തൊഴിലാളികളും ജോലി സമയത്ത് ജാഗ്രത പുലർത്തണമെന്നും അധികൃതർ അറിയിച്ചു.