Banner Ads

കേരളത്തിൽ വരും മണിക്കൂറുകളിൽ കാറ്റും മഴയും; കള്ളക്കടൽ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം : കേരളത്തിൽ ഓഗസ്റ്റ് 18 വരെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത മണിക്കൂറുകളിൽ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റോടുകൂടിയ ഇടത്തരം മഴയ്ക്കും പത്തനംതിട്ട, മലപ്പുറം ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ കാപ്പിൽ മുതൽ പൊഴിയൂർ വരെയുള്ള തീരങ്ങളിൽ 1.3 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകടമേഖലകളിൽ ഉള്ളവർ അധികൃതരുടെ നിർദ്ദേശാനുസരണം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം. ഈ സമയത്ത് വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും ഒരുപോലെ അപകടകരമാണ്.

മത്സ്യബന്ധന യാനങ്ങൾ ഹാർബറുകളിൽ കൂട്ടിയിടിക്കാത്ത വിധം സുരക്ഷിത അകലത്തിൽ കെട്ടിയിടുകയും ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുക. മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരവും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും ഒഴിവാക്കണം.