
ചെന്നൈ : തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ സർക്കാർ രൂപീകരണത്തിനായി അണിയറയിൽ തകൃതിയായ നീക്കങ്ങൾ. നടൻ വിജയിന്റെ തമിഴക വെട്രി കഴകവും (ടിവികെ) തോൾ തിരുമാവളവന്റെ വിടുതലൈ ചിരുതൈകൾ കക്ഷിയും (വിസികെ) തമ്മിലുള്ള സഖ്യചർച്ചകൾ പുതിയ രാഷ്ട്രീയ സമവാക്യങ്ങളിലേക്ക് വഴിമാറുകയാണ്.
കേവല ഭൂരിപക്ഷത്തിന് ഏതാനും സീറ്റുകളുടെ കുറവുള്ള വിജയിനെ സംബന്ധിച്ച് വിസികെയുടെ പിന്തുണ അതിനിർണ്ണായകമാണ്. വിസികെ അധ്യക്ഷൻ തോൾ തിരുമാവളവന് ഉപമുഖ്യമന്ത്രി സ്ഥാനം നൽകണം. ദളിത് രാഷ്ട്രീയത്തിന് ഭരണത്തിൽ നേരിട്ടുള്ള പങ്കാളിത്തം വേണമെന്ന പാർട്ടിയുടെ ദീർഘകാല ആവശ്യമാണിത്. നിലവിലെ വിസികെ എംഎൽഎമാരിൽ രണ്ടുപേരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണം.
വിജയ് മത്സരിച്ച മണ്ഡലങ്ങളിൽ ഒന്നായ തിരുച്ചി ഈസ്റ്റിൽ അടുത്ത തവണ വിസികെ സ്ഥാനാർത്ഥിയെ മത്സരിക്കാൻ അനുവദിക്കണം. തിരുമാവളവൻ നിലവിൽ പ്രതിനിധീകരിക്കുന്ന ചിദംബരം ലോക്സഭാ മണ്ഡലത്തിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ വിസികെ സ്ഥാനാർത്ഥിക്ക് ടിവികെയുടെ പൂർണ്ണ പിന്തുണ ഉറപ്പാക്കണം.
സർക്കാരിന്റെ നയരൂപീകരണത്തിൽ വിസികെയുടെ കൂടി താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ഒരു പൊതുമിനിമം പരിപാടി തയ്യാറാക്കണം. നിലവിൽ കോൺഗ്രസും ഇടതുപക്ഷവും വിജയിന്റെ ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എങ്കിലും ഭരണം സുഗമമായി മുന്നോട്ട് കൊണ്ടുപോകാൻ വിസികെയുടെ രണ്ട് സീറ്റുകൾ കൂടി അനിവാര്യമാണ്.