
വയനാട് : പിഎം ശ്രീയിൽ എൽഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വയനാട് എംപി പ്രിയങ്ക ഗാന്ധി. ഇത്തരം വിഷയങ്ങളിൽ സർക്കാർ രണ്ട് വള്ളത്തിൽ ചവിട്ടാതെ കൃത്യമായ നിലപാടെടുക്കണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടു. പിഎം ശ്രീയിൽ സർക്കാരിന്റെ നിലപാടിൽ വ്യക്തതയില്ലെന്നും പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.
പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചത് സിപിഎം-ബിജെപി ധാരണയുടെ ഭാഗമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ആവർത്തിച്ചു. പിഎം ശ്രീ പദ്ധതിയുടെ ധാരണയിൽ നിന്ന് മരവിപ്പിക്കാനോ പിന്മാറാനോ വ്യവസ്ഥയില്ലെന്നാണ് കേന്ദ്ര സർക്കാർ നൽകുന്ന വിശദീകരണം. പദ്ധതിയിൽ ഇനിയും കാത്തിരിക്കാനാവില്ലെന്ന സൂചനയും കേന്ദ്രം നൽകുന്നു.
കേരളത്തിന്റെ ഔദ്യോഗിക കത്ത് ലഭിച്ച ശേഷം തുടർനടപടി ആലോചിക്കുമെന്ന് കേന്ദ്രം അറിയിച്ചു. സർവ്വ ശിക്ഷാ അഭിയാൻ അടക്കമുള്ള ഫണ്ട് നൽകാനാകുമോ എന്ന കാര്യവും കത്ത് പരിശോധിച്ച ശേഷം തീരുമാനിക്കും. ധാരണാപത്രം ഒപ്പിട്ട ശേഷം പിന്മാറാൻ ശ്രമിച്ച പഞ്ചാബിനെ കേന്ദ്രം അനുവദിച്ചിരുന്നില്ല. ഫണ്ട് തടഞ്ഞുവെച്ചതോടെ പഞ്ചാബ് പിന്നീട് നിലപാട് മാറ്റുകയായിരുന്നു.