
തിരുവനന്തപുരം : മേയർ ആര്യാ രാജേന്ദ്രനെക്കുറിച്ചുള്ള കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പരാമർശം തീർത്തും അപക്വമായിപ്പോയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എംവി ജയരാജൻ. തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ചെന്നിത്തലയുടെ വിവാദ പ്രസംഗം.
ആര്യ കോഴിക്കോടേക്ക് താമസം മാറ്റുന്നത് നന്നായി. അങ്ങനെയെങ്കിലും പാർട്ടിക്ക് രണ്ട് വോട്ട് അധികം കിട്ടട്ടെയെന്ന് കരുതിക്കാണും എന്നായിരുന്നു ചെന്നിത്തലയുടെ പരിഹാസം. ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന ഖ്യാതിയോടെ പദവിയിലെത്തിയ ആര്യാ രാജേന്ദ്രൻ ഇപ്പോൾ തിരുവനന്തപുരം കോർപ്പറേഷനിൽ പ്രതിപക്ഷത്തിന്റെ പ്രധാന രാഷ്ട്രീയ പ്രചാരണ വിഷയമാണ്.
ആര്യയുടെ ഭരണകാലത്ത് നഗരത്തിൽ ദുർഭരണം നടന്നുവെന്ന ആരോപണമാണ് പ്രതിപക്ഷം പ്രധാനമായും ഉന്നയിക്കുന്നത്. മേയർ ആര്യാ രാജേന്ദ്രൻ കോഴിക്കോടേക്ക് താമസം മാറുന്നുവെന്ന വാർത്തകൾ പുറത്തുവന്ന സാഹചര്യത്തിലാണ് രമേശ് ചെന്നിത്തല ഈ വിഷയം പരാമർശിച്ച് വിമർശനമുന്നയിച്ചത്.