
ന്യൂഡൽഹി: സിബിഎസ്ഇ പരീക്ഷാ പുനർമൂല്യനിർണയത്തിൽ (Revaluation) ഗുരുതരമായ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന ആരോപണവുമായി വിദ്യാർത്ഥികൾ രംഗത്ത്. അപേക്ഷ നൽകാത്ത വിഷയങ്ങളിൽ പോലും പുനർമൂല്യനിർണയം നടത്തി മാർക്ക് കുറച്ചതായാണ് പ്രധാന പരാതി. ക്രമക്കേടുകൾക്കെതിരെ സിബിഎസ്ഇ ബോർഡിനെതിരെ കോടതിയിൽ ഹർജി ഫയൽ ചെയ്യാനാണ് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും തീരുമാനം.
വിദ്യാർത്ഥികൾ റീവാല്യൂവേഷന് അപേക്ഷ നൽകാത്ത വിഷയങ്ങൾ പോലും മൂല്യനിർണയം നടത്തുകയും, അതിലൂടെ മുൻപ് ലഭിച്ച മാർക്ക് വെട്ടിക്കുറയ്ക്കുകയും ചെയ്തു.പുനർമൂല്യനിർണയത്തിനായി കൃത്യമായി ഫീസടച്ച് അപേക്ഷിച്ച ചില പേപ്പറുകൾ ബോർഡ് പരിശോധിച്ചതേയില്ലെന്നും ആരോപണമുണ്ട്.വിദ്യാർത്ഥികളിൽ നിന്ന് ഇത്തരത്തിലുള്ള നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് അവർക്ക് വേണ്ടി സുപ്രീംകോടതിയിൽ ഹാജരാകുന്ന പ്രമുഖ അഭിഭാഷകൻ വിനീത് ജിൻഡാൽ വ്യക്തമാക്കി.
പുനർമൂല്യനിർണയത്തിനായി അപേക്ഷിച്ചവരിൽ 87 ശതമാനം പേരുടെയും ഫലം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചതായാണ് സിബിഎസ്ഇ വ്യക്തമാക്കുന്നത്. ബാക്കിയുള്ള 13 ശതമാനം വിദ്യാർത്ഥികളുടെ ഫലം വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നും ബോർഡ് അറിയിച്ചിരുന്നു.എന്നാൽ ബോർഡിന്റെ ഈ അവകാശവാദങ്ങൾക്കിടയിലാണ് ഫലപ്രഖ്യാപനത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾ നിയമപോരാട്ടത്തിന് ഒരുങ്ങുന്നത്. ഇത് വരും ദിവസങ്ങളിൽ സിബിഎസ്ഇക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കാം.