Banner Ads

ഉത്തർപ്രദേശിൽ കനത്ത മഴയിൽ വ്യാപക നാശനഷ്ടം: രണ്ടുദിവസത്തിനിടെ മരണം 56 ആയി; ആയിരത്തിലധികം വീടുകൾ തകർന്നു

ലഖ്നൗ: ഉത്തർപ്രദേശിൽ കഴിഞ്ഞ രണ്ടുദിവസമായി തുടരുന്ന കനത്ത മഴയിൽ മരിച്ചവരുടെ എണ്ണം 56 ആയി ഉയർന്നതായി അധികൃതർ അറിയിച്ചു. മഴക്കെടുതികളിൽ 46 പേർക്ക് പരിക്കേൽക്കുകയും ആയിരത്തിലധികം വീടുകൾ തകരുകയും ചെയ്തിട്ടുണ്ട്. ഇതിനുപുറമെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപക കൃഷിനാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഗംഗാ എക്സ്പ്രസ് വേ ഉൾപ്പെടെയുള്ള പ്രമുഖ പാതകളിലും പ്രധാന നഗരങ്ങളിലും രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. 48 മണിക്കൂറിനിടെ 775 ശതമാനം അധിക മഴയാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. സാധാരണ നിലയിൽ 7.6 മില്ലീമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ശരാശരി 66.5 മില്ലീമീറ്റർ മഴയാണ് ഈ ദിവസങ്ങളിൽ പെയ്തിറങ്ങിയത്.

ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത് സിതാപുർ ജില്ലയിലാണ്; ഏഴുപേരാണ് ഇവിടെ മരിച്ചത്. ലഖിംപുർ ഖേരി, ബഹ്റായിച്ച്, ബൽറാംപുർ എന്നിവിടങ്ങളിൽ അഞ്ചുപേർ വീതവും അയോധ്യ, ഗോരഖ്പുർ ജില്ലകളിൽ നാലുപേർ വീതവും മഴക്കെടുതികളിൽ മരിച്ചു.

മഴ കടുത്ത നാശം വിതച്ച സംസ്ഥാനത്ത് ഇതുവരെ 1,021 വീടുകൾ തകരുകയും 107 വളർത്തുമൃഗങ്ങൾ ചാവുകയും ചെയ്തിട്ടുണ്ട്. ഹർദോയ് ജില്ലയിലാണ് ഏറ്റവും കൂടുതൽ വീടുകൾക്ക് നാശനഷ്ടം സംഭവിച്ചിട്ടുള്ളത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് ഭരണകൂടം വ്യക്തമാക്കി.