
തിരുവനന്തപുരം : ശബരിമല തീർത്ഥാടകർക്കായി വിപുലമായ ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പമ്പ മുതൽ സന്നിധാനം വരെയുള്ള എല്ലാ പ്രധാന പാതകളിലും ആരോഗ്യ വകുപ്പിന്റെയും മെഡിക്കൽ കോളേജുകളിലെയും വിദഗ്ധ ഡോക്ടർമാരുടെയും സന്നദ്ധ ആരോഗ്യ പ്രവർത്തകരുടേയും സേവനം ലഭ്യമാണ്.
പമ്പയിലെ കൺട്രോൾ സെന്റർ 24 മണിക്കൂറും പ്രവർത്തിക്കും. കോന്നി മെഡിക്കൽ കോളേജ് ബേസ് ആശുപത്രിയായി പ്രവർത്തിക്കും. ദേവസ്വം ബോർഡിന്റെ സഹകരണത്തോടെ പമ്പ മുതൽ സന്നിധാനം വരെയുള്ള പാതയിൽ എമർജൻസി മെഡിക്കൽ സെന്ററുകൾ സജ്ജമാക്കിയിട്ടുണ്ട്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ അടിയന്തര കാർഡിയോളജി ചികിത്സയും കാത്ത് ലാബ് സൗകര്യവും ലഭ്യമാക്കി.
ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് ഉടനടി ചികിത്സ നൽകാനായി കനിവ് 108 ആംബുലൻസ് സേവനവും സന്നിധാനത്തുനിന്ന് പമ്പയിലേക്ക് പ്രത്യേക ആംബുലൻസ് സേവനവും ലഭ്യമാണ്. എല്ലാ ആശുപത്രികളിലും ഡിഫിബ്രിലേറ്റർ, വെന്റിലേറ്റർ, കാർഡിയാക് മോണിറ്റർ എന്നിവ ഉറപ്പാക്കിയിട്ടുണ്ട്.പമ്പയിലും സന്നിധാനത്തും ഓപ്പറേഷൻ തീയറ്ററുകൾ പ്രവർത്തിക്കും. നിലയ്ക്കലും പമ്പയിലും ലാബ് സൗകര്യവും സജ്ജമാണ്.
പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ താത്ക്കാലിക ഡിസ്പെൻസറിയും പ്രവർത്തിക്കുന്നുണ്ട്. അടൂർ, വടശേരിക്കര, പത്തനംതിട്ട എന്നിവിടങ്ങളിൽ ഒരു മെഡിക്കൽ സ്റ്റോറെങ്കിലും 24 മണിക്കൂറും പ്രവർത്തിക്കും. മലകയറുമ്പോൾ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നെങ്കിൽ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട തുടങ്ങിയ വിവിധ ഭാഷകളിൽ അവബോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.