Banner Ads

കേരളത്തിന്റെ അമരത്തേക്ക് ആര്? കെസി വേണുഗോപാലിലേക്ക് വിരൽചൂണ്ടി ഹൈക്കമാൻഡ്; പ്രഖ്യാപനം ഉടൻ

ദില്ലി : ആഴ്ചകൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ചർച്ചകൾ ക്ലൈമാക്സിലേക്ക്. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനാണ് നിലവിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഹൈക്കമാൻഡ് കൂടുതൽ മുൻതൂക്കം നൽകുന്നത്. പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടായേക്കുമെന്നാണ് ദില്ലിയിൽ നിന്നുള്ള സൂചനകൾ.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും തമ്മിൽ ഇന്നലെ രാത്രി വൈകിയും ചർച്ചകൾ നടത്തി. സോണിയാ ഗാന്ധിയുമായി നടത്തുന്ന ഔദ്യോഗിക കൂടിക്കാഴ്ചയ്ക്ക് ശേഷം അന്തിമ തീരുമാനം പുറത്തുവരും. ഭരണപരമായ അനുനയ ഫോർമുലയുടെ ഭാഗമായി ഉപമുഖ്യമന്ത്രി സ്ഥാനം പരിഗണിക്കപ്പെട്ടിരുന്നെങ്കിലും അത്തരമൊരു പദവി വേണ്ടെന്നാണ് ഹൈക്കമാൻഡ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള പൂർണ്ണ അധികാരം കോൺഗ്രസിന് വിട്ടുനൽകിയതായി യുഡിഎഫ് ഘടകകക്ഷികൾ അറിയിച്ചു. കെസി വേണുഗോപാലിന്റെ കാര്യത്തിൽ ഇവർക്ക് പ്രത്യേക എതിർപ്പുകളില്ലെന്നാണ് റിപ്പോർട്ട്. കേരളത്തിലാണെങ്കില്‍ നിയമസഭാകക്ഷിയോഗം വിളിച്ച് പ്രഖ്യാപിക്കാനാണ് സാധ്യത. ദില്ലിയിലാണെങ്കിൽ ഖാര്‍ഗെയോ രാഹുല്‍ഗാന്ധിയോ പ്രഖ്യാപിക്കാനാണ് സാധ്യത.