മുംബൈ: ഫോട്ടോ എടുക്കുന്നതിനിടെ കടലിൽ വീണ് യുവാവിന് ദാരുണാന്ത്യം. മുംബൈയിലെ ജൂഹു ജെട്ടിയിൽ അനിൽ അർജുൻ രജത് എന്ന 20 വയസുകാരനാണ് അപകടത്തിൽപ്പെട്ടത്.ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് അപകടം ഉണ്ടായത്. വൈകിട്ട് സുഹൃത്തുക്കൾക്കൊപ്പം കടൽ തീരത്തെ സായാഹ്നം ആസ്വദിക്കാനെത്തിയതായിരുന്നു യുവാവ്.
പാലത്തിന്റെ കൈവരിക്കടുത്ത് നിന്നും സെൽഫി എടുക്കുന്നതിനിടെ ഇയാൾ അബദ്ധത്തിൽ കടലിലേക്ക് തെന്നി വീഴുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. സ്ഥലത്തുണ്ടായിരുന്ന ലൈഫ് ഗാർഡുകൾ കടലിലിറങ്ങി അർജുനെ കരക്കെത്തിച്ചു.
ഉടനെ തന്നെ യുവാവിനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ പാലത്തിൽ കയറുന്നവർ ജാഗ്രത പാലിക്കണമെന്ന് പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.