Banner Ads

നഗരം നടുങ്ങിയപ്പോൾ പർദയിലെത്തി; തളിപ്പറമ്പിൽ സൂപ്പർമാർക്കറ്റ് കവർച്ച നടത്തിയ യുവതി പിടിയിൽ

കണ്ണൂർ : നഗരത്തിലെ കെ.വി. കോംപ്ലക്‌സിൽ വൻ അഗ്നിബാധയുണ്ടായതിനിടെ സമീപത്തെ സൂപ്പർ മാർക്കറ്റിൽ നിന്ന് മോഷണം നടത്തിയ യുവതി പിടിയിലായി. തളിപ്പറമ്പിലെ നബ്രാസ് ഹൈപ്പർ മാർക്കറ്റിലാണ് മോഷണശ്രമം നടന്നത്.

തീപിടിത്തത്തിൽ നഗരം നടുങ്ങി നിൽക്കുമ്പോൾ പർദ ധരിച്ചെത്തിയ യുവതി നബ്രാസ് സൂപ്പർ മാർക്കറ്റിൽ പ്രവേശിച്ച് പതിനായിരത്തോളം രൂപയുടെ സാധനങ്ങൾ എടുത്ത് അഗ്നിബാധ കാണാൻ തടിച്ചുകൂടിയ ജനക്കൂട്ടത്തിലേക്ക് നടന്നു മറയുകയായിരുന്നു. യുവതി സാധനങ്ങൾ എടുക്കുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയും പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.

പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തളിപ്പറമ്പിന്റെ സമീപ പഞ്ചായത്തിലെ യുവതിയെയാണ് പിടികൂടിയതെന്ന് നബ്രാസ് അധികൃതർ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. മോഷ്ടിക്കപ്പെട്ട സാധനങ്ങളുടെ വില ഈടാക്കുകയും താക്കീത് നൽകുകയും ചെയ്ത ശേഷം യുവതിയെ വിട്ടയച്ചു.