
തിരുവനന്തപുരം : വടക്കൻ കേരളത്തിലും മധ്യകേരളത്തിലും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടും ബാക്കി ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കേരള തീരത്ത് കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, തൃശൂർ, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ മുതൽ പ്രൊഫഷണൽ കോളേജുകൾ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. കോഴിക്കോട് ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി.
മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല. ജലാശയങ്ങൾക്ക് സമീപത്തേക്ക് പോകരുതെന്നും പുഴ മുറിച്ചുകടക്കൽ, വെള്ളക്കെട്ടിൽ ഇറങ്ങൽ തുടങ്ങിയ സാഹസിക പ്രവർത്തികൾ ഒഴിവാക്കണമെന്നും അത്യാവശ്യമല്ലാത്ത യാത്രകൾ മാറ്റിവെക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.