Banner Ads

ആശങ്കയോടെ കാത്തിരിപ്പ്: മൂവാറ്റുപുഴയാറിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

കൊച്ചി: എറണാകുളം പിറവം രാമമംഗലത്ത് മൂവാറ്റുപുഴയാറിൽ കാണാതായ രണ്ട് വിദ്യാർത്ഥികളുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. വയനാട് മാനന്തവാടി സ്വദേശി അർജുൻ്റെ മൃതദേഹമാണ് ഇന്ന് ഫയർഫോഴ്സ് നടത്തിയ തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്. ചോറ്റാനിക്കര സ്വദേശിയായ ആൽബിൻ ഏലിയാസിൻ്റെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു.

മൂവാറ്റുപുഴ ഇലാഹിയ എൻജിനീയറിങ് കോളേജിൽ ബിരുദം പൂർത്തിയാക്കിയ മൂന്ന് യുവാക്കളാണ് ഇന്നലെ ഉച്ചയോടെ മൂവാറ്റുപുഴയാറിൽ കുളിക്കാനിറങ്ങിയത്. ഇതിൽ ആൽബിനും അർജുനും ഒഴുക്കിൽപ്പെടുകയായിരുന്നു.കോളേജിലെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാനായാണ് ഇവർ എറണാകുളത്ത് എത്തിയത്.

ഒപ്പമുണ്ടായിരുന്ന കൊച്ചി സ്വദേശിയായ മൂന്നാമത്തെ യുവാവാണ് അപകടവിവരം തൊട്ടടുത്ത ഫയർഫോഴ്‌സ് ഓഫീസിൽ അറിയിച്ചത്.ഇന്നലെ വൈകിയും തിരച്ചിൽ നടത്തിയെങ്കിലും അർജുൻ്റെ മൃതദേഹം കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഒഴുക്കിൽപ്പെട്ട അതേ സ്ഥലത്ത് വെച്ചുതന്നെയാണ് ഇന്ന് ഉച്ചയോടെ മൃതദേഹം കണ്ടെടുത്തത്. പിറവത്തുനിന്നുള്ള ഫയർഫോഴ്സ് സംഘവും സ്കൂബ ടീമുമാണ് തിരച്ചിലിന് നേതൃത്വം നൽകിയത്.