Banner Ads

ബാറിനുള്ളിലെ അക്രമം: ചെറുപ്പക്കാരെ മർദിച്ച സംഭവത്തിൽ കൂടുതൽ അറസ്റ്റുകളിലേക്ക്; രണ്ടാം പ്രതി അറസ്റ്റിൽ

മാരാരിക്കുളം: ചേർത്തല താലൂക്കിലെ മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ ഒക്ടോബർ 30-ന് വൈകുന്നേരം 6:45-ന് നടന്ന ബാറിലെ മർദ്ദനക്കേസിൽ രണ്ടാം പ്രതി അറസ്റ്റിലായി.ബാറിൽ മദ്യപിക്കാനെത്തിയ ചെറുപ്പക്കാരുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ട പ്രതികൾ, പുറത്തിറങ്ങിയ ഉടൻ ഇവരെ ആക്രമിക്കുകയായിരുന്നു. കേസിലെ രണ്ടാം പ്രതിയായ അമൽ പയസ് (27), ‘ഡ്രാഗൺ അപ്പു’ എന്ന പേരിലാണ് അറിയപ്പെടുന്നത്.

ഇയാൾ കൈവശമുണ്ടായിരുന്ന ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് നടത്തിയ ക്രൂരമർദ്ദനത്തിൽ എറണാകുളം സ്വദേശിയായ യുവാവിൻ്റെ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും കൈവിരലുകൾ ഒടിയുകയും ചെയ്തിരുന്നു.സംഭവത്തിന് ശേഷം ഒളിവിൽ പോയ അമൽ പയസിനെ നവംബർ ആറിനാണ് മാരാരിക്കുളം പോലീസ് അറസ്റ്റ് ചെയ്തത്.

മാരാരിക്കുളം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മോഹിത് പി കെയുടെ നേതൃത്വത്തിൽ എസ്.ഐ. ചന്ദ്രബാബു, സിവിൽ പോലീസ് ഓഫീസർമാരായ സുരേഷ് ആർ ഡി, അഭിലാഷ്, ബൈജു എന്നിവർ ഉൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.കേസുമായി ബന്ധപ്പെട്ട് ഒരു പ്രതിയെക്കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്നും ഇതിനായുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായും മാരാരിക്കുളം പോലീസ് അറിയിച്ചു.