
ചെന്നൈ: വിജയ് സേതുപതിയെ നായകനാക്കി ബാലാജി തരണീധരൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ തമിഴ് ചിത്രം ‘ബത്ത’ തിയേറ്ററുകളിൽ മികച്ച പ്രേക്ഷക-നിരൂപക പ്രശംസ നേടി മുന്നേറുന്നു. വിജയ് സേതുപതിയുടെ തകർപ്പൻ പ്രകടനമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം.
ഒക്ടോബർ 1-ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തിയ ചിത്രം ഇതിനോടകം ആഗോള ബോക്‌സ് ഓഫീസിൽ നിന്ന് 18 കോടി രൂപ സ്വന്തമാക്കി.തിയേറ്റർ പ്രദർശനം തുടരുന്നതിനിടെ ചിത്രത്തിന്റെ ഒ.ടി.ടി (OTT) സ്ട്രീമിംഗ് അവകാശം പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ നെറ്റ്‌ഫ്ലിക്‌സ് (Netflix) സ്വന്തമാക്കിയതായാണ് റിപ്പോർട്ടുകൾ.
എന്നാൽ ചിത്രത്തിന്റെ സ്ട്രീമിംഗ് തീയതി സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.പ്രശസ്ത സംവിധായകൻ ആറ്റ്‌ലി അവതരിപ്പിക്കുന്ന ‘ബത്ത’, പ്രിയ ആറ്റ്‌ലിയും മുറാദ് ഖേതാനിയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.
മലയാളി താരം ലിജോമോൾ ജോസാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.’നടുവുല കൊഞ്ചം പക്കാത്തെ കാണോം’, ‘സീതാകാത്തി’ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വിജയ് സേതുപതിയും സംവിധായകൻ ബാലാജി തരണീധരനും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.
സായ് അഭ്യങ്കറാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. വിജയ് സേതുപതി വിന്റേജ് ലുക്കിലെത്തിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മുൻപ് സോഷ്യൽ മീഡിയയിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു.