Banner Ads

വാക്ക് പാലിച്ച് വിജയ് സർക്കാർ; തമിഴ്‌നാട്ടിൽ 717 ടാസ്‌മാക് മദ്യഷാപ്പുകൾ ഒറ്റയടിക്ക് പൂട്ടി

ചെന്നൈ : തമിഴ്‌നാട്ടിൽ അധികാരത്തിലേറിയതിന് പിന്നാലെ പ്രഖ്യാപനവുമായി മുന്നോട്ട് പോയി വിജയ് സർക്കാർ. സംസ്ഥാനത്തെ 717 അനധികൃത ടാസ്‌മാക് മദ്യഷാപ്പുകൾ അടച്ചുപൂട്ടി. ആരാധനാലയങ്ങൾ, സ്‌കൂളുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ അടുത്തുള്ളവയാണ് അടച്ചുപൂട്ടിയത്.

610 ഔട്ട്‌ലെറ്റുകൾ ബുധനാഴ്ചയ്ക്ക് മുൻപ് തന്നെ പൂട്ടിയിരുന്നു. 107 എണ്ണം ഇന്നലെ അടച്ചതായി എക്സൈസ് മന്ത്രി കെ വിഗ്നേഷ് പറഞ്ഞു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മദ്യഷാപ്പുകൾ പൂട്ടിയത് മധുരയിലാണ്. 290 എണ്ണം. കോയമ്പത്തൂരിൽ 179 ഔട്ട്‌ലെറ്റുകളും പൂട്ടി.

തമിഴ്‌നാട്ടിൽ ഇനി 4048 ടാസ്‌മാക് ഔട്ലറ്റുകൾ മാത്രമായിരിക്കും പ്രവർത്തിക്കുക. പൂട്ടിയവയിൽ 3474 ജീവനക്കാരാണ് ജോലി ചെയ്തിരുന്നത്. ഇവരിൽ 2331 പേരെ മറ്റ് ഔട്ട്‌ലെറ്റുകളിലേക്ക് മാറ്റി. ബാക്കിയുള്ള ജീവനക്കാരുടെ കാര്യത്തിൽ ഉടൻ തീരുമാനമെടുക്കും.