Banner Ads

വർക്കല എസ്ഐക്ക് എട്ടിൻ്റെ പണി; നഷ്ടപരിഹാരത്തുക ശമ്പളത്തിൽ നിന്ന് ഈടാക്കാൻ ഉത്തരവ്

തിരുവനന്തപുരം : വർക്കല പോലീസ് സ്റ്റേഷനിലെ കസ്റ്റഡി മർദ്ദനത്തിൽ പരാതിക്കാരന് സർക്കാർ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

വർക്കല സ്റ്റേഷൻ എസ്ഐ പിആർ രാഹുലിനെതിരായ പരാതിയിലാണ് നടപടി. സർക്കാർ നൽകേണ്ട ഈ നഷ്ടപരിഹാരത്തുക എസ്ഐ രാഹുലിൽ നിന്ന് ഈടാക്കണമെന്നും കമ്മീഷൻ ഉത്തരവിൽ പറയുന്നു. രണ്ട് മാസത്തിനകം തുക നൽകിയില്ലെങ്കിൽ 8 ശതമാനം പലിശ സഹിതം നൽകേണ്ടിവരും. കൊല്ലം ചാത്തന്നൂർ സ്വദേശിയും നിർമ്മാണ തൊഴിലാളിയുമായ സുരേഷാണ് പരാതിക്കാരൻ.

മണ്ണെടുപ്പുമായി ബന്ധപ്പെട്ട ഒരു പരാതിയിലാണ് സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിൽ വെച്ച് എസ്ഐ രാഹുൽ ക്രൂരമായി മർദ്ദിച്ചു എന്നാണ് സുരേഷിന്റെ പരാതി. സംഭവത്തിൽ സർക്കാർ പ്രഖ്യാപിച്ച വകുപ്പ് തല അന്വേഷണവും നടക്കുന്നുണ്ട്. നെയ്യാറ്റിൻകര ഡിവൈഎസ്പി ആണ് അന്വേഷണം നടത്തുന്നത്.