
തിരുവനന്തപുരം: നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തിന് മുന്നോടിയായി വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കാത്തതിൽ കടുത്ത അതൃപ്തി പരസ്യമാക്കി ഗവർണർ രാജേന്ദ്ര അർലേക്കർ. ചടങ്ങിൽ വന്ദേമാതരം മുഴുവനായി പാടേണ്ടതായിരുന്നു എന്ന് വ്യക്തമാക്കിയ ഗവർണർ, എന്തുകൊണ്ടാണ് ഇത് സംഭവിക്കാതിരുന്നതെന്ന് സ്പീക്കറോട് നേരിട്ട് ചോദിച്ചതായും അറിയിച്ചു.ഗവർണർ പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടികളിൽ ഗാനം പൂർണ്ണമായി ആലപിക്കണമെന്നിരിക്കെയാണ് ഇവിടെ ഭാഗികമായി മാത്രം വായിച്ചതെന്നും, ഇതിൽ രാജ്ഭവന്റെ അതൃപ്തി മറച്ചുവെക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന് ലോക്ഭവൻ (രാജ്ഭവൻ) മുൻകൂട്ടി നിർദേശിച്ചിരുന്നു. എന്നാൽ ഈ നിർദേശം മറികടന്നാണ് സഭയിൽ ഗാനത്തിന്റെ ആദ്യ ഭാഗം മാത്രം വായിച്ചത്.വന്ദേമാതരം പൂർണ്ണരൂപത്തിൽ വായിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി നിർദേശിച്ചതിനാലാണ് ഇതൊഴിവാക്കിയതെന്നാണ് റിപ്പോർട്ടുകൾ. നയപ്രഖ്യാപനത്തിന് മുന്നോടിയായും അത് കഴിഞ്ഞ ശേഷവും കേരള പൊലീസിന്റെ ബാൻഡ് സംഘം ഭാഗികമായി മാത്രമാണ് വന്ദേമാതരം വായിച്ചത്.
സഭയിൽ നടന്നത് പ്രോട്ടോകോൾ ലംഘനമാണെന്ന് വ്യക്തമാക്കിയ ഗവർണർ, വിഷയത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് എന്ത് തുടർനടപടിയുണ്ടാകുമെന്ന് നോക്കുമെന്നും അറിയിച്ചു. സംഭവത്തിൽ ഔദ്യോഗിക വിശദീകരണം തേടണമോ എന്ന കാര്യം ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.നേരത്തെ വി. ഡി. സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണ്ണമായി ആലപിച്ചതിനെതിരെ പ്രതിപക്ഷ നേതാക്കൾ അടക്കം രംഗത്തുവരികയും ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ നിയമസഭയിലെ നയപ്രഖ്യാപന ചടങ്ങിലും വന്ദേമാതരത്തെച്ചൊല്ലി സർക്കാരും ഗവർണറും തമ്മിലുള്ള ഭിന്നത പരസ്യമായിരിക്കുന്നത്.