
നീറ്റ്-യുജി (NEET-UG 2026) പുനഃപരീക്ഷ പ്രമാണിച്ച് കേന്ദ്ര സർക്കാർ താത്കാലികമായി ഏർപ്പെടുത്തിയ നിരോധനത്തിന്റെ കാലാവധി കഴിഞ്ഞിട്ടും, രാജ്യത്ത് പലർക്കും ടെലിഗ്രാം ആപ്പ് ആക്സസ് ചെയ്യാനാകുന്നില്ലെന്ന് പരാതി. ജൂൺ 21-ന് നടന്ന പരീക്ഷയ്ക്ക് മുന്നോടിയായി ജൂൺ 22 വരെയായിരുന്നു പ്ലാറ്റ്‌ഫോമിന് വിലക്കേർപ്പെടുത്തിയിരുന്നത്. എന്നാൽ ഈ കാലാവധി അവസാനിച്ചിട്ടും ആപ്പ് പൂർണ്ണമായി പ്രവർത്തനസജ്ജമായിട്ടില്ലെന്നാണ് ഉപയോക്താക്കൾ വ്യക്തമാക്കുന്നത്.
ചോദ്യപേപ്പർ ചോർച്ചയും മറ്റ് ക്രമക്കേടുകളും തടയുക എന്ന ലക്ഷ്യത്തോടെ ജൂൺ 16-നാണ് കേന്ദ്ര സർക്കാർ ടെലിഗ്രാമും അനുബന്ധ യു.ആർ.എല്ലുകളും ബ്ലോക്ക് ചെയ്യാൻ ഉത്തരവിട്ടത്.2000-ലെ ഇൻഫർമേഷൻ ടെക്നോളജി (IT) ആക്ടിലെ സെക്ഷൻ 69A പ്രകാരമായിരുന്നു നടപടി. പൊതു ക്രമസമാധാന പാലനത്തിനായി ആവശ്യഘട്ടങ്ങളിൽ ഇന്റർനെറ്റ് വിവരങ്ങൾ തടയാൻ സർക്കാരിന് അധികാരം നൽകുന്നതാണ് ഈ വകുപ്പ്.
നേരത്തെ മെയ് 3-ന് നടക്കേണ്ടിയിരുന്ന നീറ്റ്-യുജി പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയിരുന്നു. തുടർന്നാണ് ജൂൺ 21-ലേക്ക് പുനഃപരീക്ഷ നിശ്ചയിച്ചതും താൽക്കാലികമായി രാജ്യവ്യാപകമായി ടെലിഗ്രാമിന് വിലക്കേർപ്പെടുത്തിയതും.വരും മണിക്കൂറുകളിൽ മാത്രമേ പ്ലാറ്റ്‌ഫോം പൂർണ്ണമായും പഴയപടിയാകൂ എന്നാണ് സൂചന.