Banner Ads

ദുബായ് മേള പോലെയല്ല, ഗൗരവത്തോടെ കാണണം; ആഗോള അയ്യപ്പ സംഗമ വിഷയത്തിൽ കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിലാണ് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ ആഗോള അയ്യപ്പ സംഗമത്തിനെതിരെ വിമർശനമുന്നയിച്ചത്. ആഗോള അയ്യപ്പ സംഗമം ദുബായ് മേള പോലെയല്ല നടത്തേണ്ടതെന്നാണ് അദ്ദേഹം പറഞ്ഞത്. ഈ വിഷയത്തെ ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആഗോള അയ്യപ്പ സംഗമം സി.പി.എം ആണോ നടത്തേണ്ടതെന്നും, പരിപാടി ഉദ്ഘാടനം ചെയ്യുന്ന മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും അയ്യപ്പനിൽ വിശ്വാസമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ഭക്തരുടെ വികാരം മാനിക്കാതെയും ശബരിമലയിൽ വികസന പ്രവർത്തനങ്ങൾ നടത്താതെയുമിരുന്ന സർക്കാർ ഇപ്പോൾ അയ്യപ്പ സംഗമം നടത്തുന്നതിന് പിന്നിൽ രാഷ്ട്രീയ മുതലെടുപ്പാണെന്നും കുമ്മനം രാജശേഖരൻ ആരോപിച്ചു. ഹൈന്ദവ മതസ്വാതന്ത്ര്യത്തിൻമേലുള്ള കടന്നുകയറ്റമാണിതെന്നും ശബരിമലയെ കൈയടക്കാനുള്ള സർക്കാരിന്റെ ശ്രമമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമലയിലെ ആചാര സംരക്ഷണത്തിനായി സമരം ചെയ്ത നിരപരാധികളായ ഭക്തർക്കെതിരെയുള്ള കേസുകൾ പിൻവലിക്കാത്ത സർക്കാർ ഇത്തരം ഒരു സമ്മേളനം നടത്തുന്നത് ഭക്തരോടുള്ള വെല്ലുവിളിയാണെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. മതേതര സർക്കാർ ഒരു ഹിന്ദു ക്ഷേത്രത്തിൽ ഭക്തരുടെ യോഗം വിളിച്ചു ചേർക്കുന്നത് ഭരണഘടനാ ലംഘനമാണെന്നും അദ്ദേഹം വിമർശിച്ചു.