
തൃശൂർ : ശബരിമല വ്രതമെടുത്ത വിദ്യാർഥിക്ക് കറുത്ത വസ്ത്രം ധരിച്ചതിന്റെ പേരിൽ സ്കൂളിൽ പ്രവേശനം നിഷേധിച്ചതായി പരാതി. തൃശൂർ എളവള്ളി ബ്രഹ്മകുളം ഗോകുലം പബ്ലിക് സ്കൂളിനെതിരെയാണ് പരാതി. നവംബർ മൂന്ന് മുതൽ കുട്ടിക്ക് സ്കൂളിൽ പ്രവേശനം നിഷേധിക്കുകയും പഠനം വിലക്കുകയും ചെയ്തു.
കറുത്ത വസ്ത്രത്തിന് പകരം യൂണിഫോം ധരിച്ചെത്തണമെന്ന് സ്കൂൾ അധികൃതർ ആവശ്യപ്പെട്ടെന്നാണ് രക്ഷിതാക്കൾ പറയുന്നത്. കറുത്ത വസ്ത്രം സ്‌കൂൾ മാനുവലിന് വിരുദ്ധമായതിനാലാണ് പ്രവേശനം നിഷേധിച്ചത് എന്നാണ് അധികൃതരുടെ വിശദീകരണം. സ്കൂളിന്റെ നടപടിക്കെതിരെ ഹിന്ദു ഐക്യവേദി പ്രതിഷേധവുമായി രംഗത്തെത്തി.
സ്കൂൾ അധികൃതരുമായി പലവട്ടം ചർച്ച നടത്തിയിട്ടും പ്രശ്നപരിഹാരത്തിന് ശ്രമമുണ്ടായില്ലെന്ന് ഹിന്ദു ഐക്യവേദി അറിയിച്ചു. നേരത്തെ പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ ഹിജാബിന്റെ പേരിൽ പ്രവേശനം നിഷേധിച്ചത് വിവാദമായിരുന്നു. അന്ന് വിഷയം കോടതിയിലെത്തുകയും ഭരണഘടനയുടെ അടിസ്ഥാന തത്വം നിലനിൽക്കട്ടെയെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു.