കംപാല : ഉഗാണ്ടൻ ഒളിമ്പ്യൻ റെബേക്ക ചെപ്‌റ്റെഗി (33) കെനിയൻ ആശുപത്രിയിൽ 80 ശതമാനത്തോളം പൊള്ളലേറ്റ് ചികിത്സയിലിരിക്കെ ദാരുണമായി മരിച്ചു. റബേക്കയുടെ കാമുകനും കെനിയൻ സ്വദേശിയും ആയ ഡിക്‌സൺ എൻഡീമയാണ് പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. ഞായറാഴ്ച തീയിട്ട എൻഡീമയ്ക്കും ശരീരത്തിൻ്റെ 30% പൊള്ളലേറ്റു, ഇപ്പോൾ ചികിത്സയിലാണ്.
ഞായറാഴ്ച അവരുടെ വീട്ടിൽ വെച്ച് റെബേക്ക ചെപ്‌റ്റെഗിയും കാമുകൻ ഡിക്‌സൺ എൻഡീമയും തമ്മിൽ രൂക്ഷമായ വാക്ക് തർക്കത്തെ തുടർന്നാണ് ക്രൂരമായ ആക്രമണം നടന്നതെന്ന് പോലീസ് പറഞ്ഞു. റെബേക്ക വാങ്ങിയ ഭൂമിയുമായി ബന്ധപ്പെട്ട തർക്കമാണ് കാരണമായതെന്ന് പ്രാഥമിക അന്വേഷണങ്ങൾ സൂചിപ്പിക്കുന്നു.
കെനിയയിലെ പ്രശസ്തമായ അത്‌ലറ്റിക് പരിശീലന കേന്ദ്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന ട്രാൻസ് എൻസോയ കൗണ്ടിയിലാണ് സ്ഥലം വാങ്ങിയത്. മകളെ ഭീഷണിപ്പെടുത്തുകയും ശാരീരികമായി പീഡിപ്പിക്കുകയും ചെയ്ത ഡിക്‌സൺ എൻഡീമയ്‌ക്കെതിരെ നിരവധി പരാതികൾ പോലീസിൽ നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് റെബേക്കയുടെ പിതാവ് ജോസഫ് ചെപ്‌ടേഗി ആരോപിക്കുന്നു.
2022 അബുദാബി മാരത്തൺ 2 മണിക്കൂർ 22 മിനിറ്റ് 47 സെക്കൻഡിൽ പൂർത്തിയാക്കി റെബേക്ക ചെപ്‌റ്റെഗി പാരീസ് ഒളിമ്പിക്‌സിന് യോഗ്യത നേടിയിരുന്നു. കഴിഞ്ഞ മാസം നടന്ന പാരീസ് ഒളിമ്പിക്സിലെ വനിതാ മാരത്തണിൽ 44-ാം സ്ഥാനത്തെത്തി, കഴിഞ്ഞ വർഷം ഒക്ടോബറിനുശേഷം കെനിയയിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെ വനിതാ അത്‌ലറ്റാണ് റെബേക്ക.
റെബേക്ക ചെപ്‌റ്റെഗിയുടെ മരണം ഒരു ഒറ്റപ്പെട്ട സംഭവമല്ല. മറ്റ് രണ്ട് കെനിയൻ അത്‌ലറ്റുകൾ, ഡമാരിസ് മുതുവ, 10 കിലോമീറ്റർ ലോക റെക്കോർഡ് ഉടമ ആഗ്നസ് ടിറോപ്പ് എന്നിവരും അവരുടെ പങ്കാളികളാൽ ദാരുണമായി കൊല്ലപ്പെട്ടു. അതേസമയം ടിറോപ്പിൻ്റെ പങ്കാളി അറസ്റ്റിലാവുകയും ഇപ്പോൾ ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തു. മുതുവയുടെ പങ്കാളി ഒളിവിലാണ്.