ചെന്നൈ : ഉപമുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നതിന് മുമ്പ് മന്ത്രിസഭയിലും ബ്യൂറോക്രസിയിലും മാറ്റം വേണമെന്ന് ഉദയനിധി സ്റ്റാലിൻ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. തമിഴ്നാട് ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ തയ്യാറെടുക്കുമ്പോൾ ഉദയനിധി സ്റ്റാലിൻ ചില പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. രണ്ടോ മൂന്നോ ചെറുപ്പക്കാരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്നാണ് പ്രധാന ആവശ്യം, ഇത് പുതിയ കാഴ്ചപ്പാടുകൾ കൊണ്ടുവരാനും പാർട്ടിക്ക് ഊർജ്ജം പകരാനുമുള്ള നീക്കമായി കാണുന്നു.
കൂടാതെ, ബ്യൂറോക്രസി കാര്യക്ഷമമാക്കുന്നതിനും ഭരണം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട് പ്രധാനപ്പെട്ട സ്ഥാനങ്ങളിലേക്ക് കൂടുതൽ കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിൽ 34 മന്ത്രിമാരാണ് തമിഴ്നാട് മന്ത്രിസഭയിലുള്ളത്. ആർ ഗാന്ധി, എം മത്വേന്ദൻ, മനോ തങ്കരാജ്, സി വി ഗണേശൻ എന്നിവരിൽ നിന്ന് പുതുമുഖങ്ങൾക്ക് വഴിയൊരുക്കാൻ രണ്ട് മന്ത്രിമാരെ ഒഴിവാക്കുന്നതിനെക്കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക തീരുമാനമായിട്ടില്ല.