
തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയം ചർച്ച ചെയ്ത് റിപ്പോർട്ട് സമർപ്പിക്കാൻ യുഡിഎഫ് ഉപസമിതി രൂപീകരിച്ചു. മുൻ എംഎൽഎ കെ ശിവദാസൻ നായർ കൺവീനറായ ഏഴംഗ സമിതിയാണ് രൂപീകരിച്ചിരിക്കുന്നത്. എന്നാൽ മദ്യനയ രൂപീകരണ സമിതിയിൽ മുസ്ലിം ലീഗ് പ്രതിനിധിയെ ഉൾപ്പെടുത്തിയിട്ടില്ല.
മുഖ്യമന്ത്രി വി ഡി സതീശനാണ് ഉപസമിതി രൂപീകരിച്ച വിവരം അറിയിച്ചത്. പി ജെ ജോയ്, ജോയ് എബ്രഹാം, കെ ജയന്ത് എംഎൽഎ, വിഷ്ണു മോഹൻ എംഎൽഎ, വാക്കനാട് രാധാകൃഷ്ണൻ, സി എ അജീർ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. കോൺഗ്രസിന് പുറമെ കേരള കോൺഗ്രസ്, ആർഎസ്പി, സിഎംപി ഘടകകക്ഷികൾക്കും സമിതിയിൽ പ്രാതിനിധ്യമുണ്ട്.
മദ്യം തങ്ങളുടെ പാർട്ടി നിലപാടിന് എതിരാണെന്ന വാദമുയർത്തിയാണ് മുസ്ലിം ലീഗ് സമിതിയിൽ നിന്ന് വിട്ടുനിന്നത്. അതേസമയം മദ്യനയം യുഡിഎഫിൽ ചർച്ച ചെയ്യുന്നതിന് മുൻപ് കോൺഗ്രസിനുള്ളിൽ പ്രത്യേക സമിതി രൂപീകരിച്ച് ചർച്ച നടത്തണമെന്ന് വി എം സുധീരൻ ഉൾപ്പെടെയുള്ള നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. എക്സൈസ് മന്ത്രി എം ലിജു അധ്യക്ഷനായ സമിതി തയ്യാറാക്കിയ കരട് മദ്യനയത്തിലെ നിർദ്ദേശങ്ങൾ ഉപസമിതി വിശദമായി പരിശോധിക്കും.
നിശ്ചയിച്ച സമയത്തുതന്നെ മദ്യനയം പ്രഖ്യാപിക്കണമെന്നും ഉപസമിതി രൂപീകരണം വൈകുന്നത് നടപടിക്രമങ്ങളെ ബാധിക്കുമെന്നും മന്ത്രി എം ലിജു ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നവംബർ 30നകം പുതിയ മദ്യനയം പ്രഖ്യാപിക്കാൻ ലക്ഷ്യമിട്ട് ഉപസമിതി രൂപീകരിച്ചത്.