
അങ്കമാലി : അങ്കമാലി നെടുമ്പാശ്ശേരി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. പത്തനംതിട്ട സ്വദേശികളായ വെട്ടിപ്പുറം ശ്രീശൈലത്തിൽ കുമാറിന്റെ മകൻ കബിൽ (24), മാക്കൻകുന്നുകരയിൽ ശ്രീശൈലം വീട്ടിൽ ആദിത്യൻ (23) എന്നിവരാണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്കായിരുന്നു അപകടം. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ആദ്യം മുന്നിലുണ്ടായിരുന്ന ഒരു കാറിന്റെ പിന്നിലും തുടർന്ന് ലോറിയുടെ പിന്നിലും ഇടിച്ച് മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ യുവാക്കളെ നാട്ടുകാർ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹങ്ങൾ അങ്കമാലി എൽഎഫ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ദേശീയപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ മേഖലയിൽ അപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. സുരക്ഷാ മുന്നറിയിപ്പുകളോ ക്രമീകരണങ്ങളോ ഇല്ലാത്തതാണ് അപകടങ്ങൾക്ക് കാരണം.
രണ്ടാഴ്ച മുൻപും ഇതേ സ്ഥലത്ത് വച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. പൊലീസും മോട്ടോർ വാഹന വകുപ്പും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.