Banner Ads

ടിവികെ അധ്യക്ഷൻ വിജയ് ഈയാഴ്ച കരൂരിൽ; അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്ന് സർക്കാർ

ചെന്നൈ : കടുത്ത വിമർശനങ്ങൾക്കിടെ ടിവികെ അധ്യക്ഷൻ വിജയ് ഈയാഴ്ച കരൂർ സന്ദർശിക്കും. എന്നാൽ സന്ദർശനത്തിന് പൊലീസിന്‍റെ അനുമതി തേടുമോയെന്ന് വ്യക്തമല്ല. വിജയ്‌യെ അറസ്റ്റ് ചെയ്യാനുള്ള ആലോചനയില്ലെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു. ദുരന്തത്തിന് പിന്നാലെ കരൂരിൽ നിന്ന് ഒളിച്ചോടിയെന്ന പഴികേട്ടതിന് ശേഷം ഉടൻ ദുരന്തഭൂമിയിലെത്തുമെന്ന് വിജയ് അറിയിച്ചിരുന്നു.

എന്നാൽ ഇതിനായി പോലീസിനെയോ മദ്രാസ് ഹൈക്കോടതിയെയോ അദ്ദേഹം സമീപിച്ചിരുന്നില്ല. മറ്റ് രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ ദുരന്തസ്ഥലം സന്ദർശിച്ചിട്ടും വിജയ് നീലങ്കരയിലെ വീട്ടിൽ തുടരുന്നത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. അടുത്ത രണ്ടോ മൂന്നോ ദിവസത്തിനകം വിജയ് കരൂരിൽ എത്തുമെന്നാണ് ടിവികെ പ്രാദേശിക നേതാക്കൾ നൽകുന്ന വിവരം.

മരിച്ചവരുടെ കുടുംബാംഗങ്ങളെ ടിവികെ നേതാക്കൾ ബന്ധപ്പെട്ടു തുടങ്ങി. വിജയിക്കെതിരെ ഉടൻ നടപടി ഉണ്ടാകില്ലെന്ന സൂചന മുതിർന്ന മന്ത്രിമാർ തന്നെയാണ് നൽകിയത്. വ്യക്തമായ തെളിവുകളില്ലാതെ ആരെയും അറസ്റ്റ് ചെയ്യുന്ന സമീപനം ഡിഎംകെ സർക്കാരിനില്ലെന്ന് ജലവിഭവ മന്ത്രി ദുരൈ മുരുകൻ വ്യക്തമാക്കി.