
ചെന്നൈ : തമിഴ്‌നാട് സർക്കാരിന്റെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ നടി തൃഷ പങ്കെടുത്തതിനെതിരേയും മുൻനിരയിൽ സ്ഥാനം നൽകിയതിനെതിരേയും രൂക്ഷവിമർശനവുമായി ഡിഎംകെ മുഖപത്രമായ മുരശൊലി.
മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ അന്തസ്സ് കാറ്റിൽപ്പറത്തുന്നതായിരുന്നു സംഭവമെന്നാണ് പത്രത്തിന്റെ ഒന്നാം പേജിൽ വന്നിരിക്കുന്ന ലേഖനത്തിലെ വിമർശനം. ചടങ്ങിൽ തൃഷയ്ക്ക് മുൻനിരയിൽ സ്ഥാനം നൽകിയതും സല്യൂട്ട് സ്വീകരിക്കുന്നതിനിടയിലെ ദൃശ്യങ്ങളും ലജ്ജാകരമാണെന്ന് മുഖപത്രത്തിൽ ആരോപിക്കുന്നു.
വിജയ്‌യുടെ ആരാധകർ പോലും ഈ നടപടിയെ അംഗീകരിക്കുന്നില്ലെന്നും സ്വാതന്ത്ര്യദിനാഘോഷം കഴിഞ്ഞ് മൂന്നാം നാൾ പ്രസിദ്ധീകരിച്ച ലേഖനത്തിൽ വ്യക്തമാക്കുന്നു. ചെന്നൈ ഫോർട്ട് സെന്റ് ജോർജിൽ നടന്ന സ്വാതന്ത്ര്യദിന പരേഡിൽ വിജയ്‌യുടെ മാതാപിതാക്കളായ എസ്എ ചന്ദ്രശേഖർ, ശോഭ ചന്ദ്രശേഖർ എന്നിവർക്കൊപ്പം മുൻനിരയിലാണ് തൃഷയും അമ്മ ഉമാ കൃഷ്ണനും ഇരുന്നത്.
പരേഡിനിടെ വിജയ് തന്റെ മാതാപിതാക്കളെയും തൃഷയെയും നോക്കി അഭിവാദ്യം ചെയ്യുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡിഎംകെ മുഖപത്രത്തിന്റെ വിമർശനം.