
കൊൽക്കത്ത : പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ പൊട്ടിത്തെറി. പാർട്ടിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനഞ്ഞ ഐപാക്കിനെ പോലുള്ള ഏജൻസികൾക്ക് അമിത പ്രാധാന്യം നൽകിയതാണ് തോൽവിക്ക് കാരണമെന്നാരോപിച്ച് പ്രമുഖ നേതാക്കൾ രംഗത്തെത്തി.
ബിജെപി നേതാവും പുതിയ മുഖ്യമന്ത്രിയുമായ സുവേന്ദു അധികാരിയെ പുകഴ്ത്തിയ പാർട്ടി വക്താവ് റിജു ദത്തയെ തൃണമൂൽ കോൺഗ്രസ് പുറത്താക്കി. ഇതിന് പിന്നാലെ നേതൃത്വത്തിനെതിരെ കടുത്ത ആരോപണങ്ങളുമായി റിജു രംഗത്തെത്തി. ഞാൻ ഒരു നെപ്പോ കിഡ് അല്ലാത്തതുകൊണ്ടാണ് എന്നെ പുറത്താക്കിയത്.
ഐപാക്കിനെ പോലുള്ള ഏജൻസികളെ വിശ്വസിച്ച് ഭരണം ഏൽപ്പിച്ചതിന്റെ പൂർണ്ണ ഉത്തരവാദിത്വം അഭിഷേക് ബാനർജിക്കാണെന്ന് റിജു ദത്ത പറഞ്ഞു. മുൻ മന്ത്രി മനോജ് തിവാരിയും നേതൃത്വത്തെ രൂക്ഷമായി വിമർശിച്ചു. അഴിമതി നിറഞ്ഞ സർക്കാരിന് ജനങ്ങൾ നൽകിയ അർഹമായ വിധിയെഴുത്താണ് ഇതെന്ന് അദ്ദേഹം തുറന്നടിച്ചു.
മുതിർന്ന നേതാവ് കൃഷ്ണവേന്ദു നാരായൺ, കൊൽക്കത്ത ഡെപ്യൂട്ടി മേയർ അതിൻ ഘോഷ്, സ്ഥാനാർത്ഥിയായിരുന്ന രത്ന ഘോഷ് എന്നിവരും അഭിഷേക് ബാനർജിയുടെ പ്രവർത്തനശൈലിക്കെതിരെ രംഗത്തെത്തി. നിർണായക സമയത്ത് നേതൃത്വവുമായി ബന്ധപ്പെടാൻ നേതാക്കൾക്ക് ആയില്ലെന്നും വിമർശനം ഉയർന്നു.
മമതയുടെ ബദ്ധവൈരിയും തൃണമൂലിന്റെ അടവുകളെല്ലാം കൃത്യമായി അറിയാവുന്ന നേതാവുമായ സുവേന്ദു അധികാരി ബംഗാൾ മുഖ്യമന്ത്രിയായി അധികാരമേറ്റതോടെ തൃണമൂൽ കൂടുതൽ സമ്മർദ്ദത്തിലായി. മമതയുടെ വലംകൈയ്യായിരുന്ന സുവേന്ദു അഭിഷേക് ബാനർജിയുടെ വളർച്ചയിൽ പ്രതിഷേധിച്ചാണ് മുൻപ് പാർട്ടി വിട്ടത്.