
ജിന്ദ് : ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ സർവീസ് ആരംഭിച്ചു. ഹരിയാനയിലെ ജിന്ദ് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് സർവീസിന് തുടക്കമായത്. നമോ ഗ്രീൻ റെയിൽ എന്ന് പേരിട്ടിരിക്കുന്ന ഈ അത്യാധുനിക ട്രെയിൻ പൂർണ്ണമായും ഇന്ത്യയിലാണ് നിർമ്മിച്ചിരിക്കുന്നത്.
ഏറ്റവും ആകർഷകമായ കാര്യം റെയിൽവേയുടെ പ്ലാറ്റ്‌ഫോം ടിക്കറ്റിനേക്കാൾ കുറഞ്ഞ നിരക്കിലാണ് ഇതിന്റെ യാത്രയെന്നതാണ്. വെറും 5 രൂപ മുതൽ 25 രൂപ വരെയാണ് ട്രെയിനിന്റെ ടിക്കറ്റ് നിരക്കുകൾ.
ജിന്ദ് സ്റ്റേഷനിൽ നിന്ന് ആരംഭിക്കുന്ന പാസഞ്ചർ ട്രെയിൻ സോണിപത് വരെ 89 കിലോമീറ്റർ ദൂരമാണ് സർവ്വീസ് നടത്തുക. രണ്ട് മണിക്കൂറാണ് 90 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ നമോ ഗ്രീൻ സർവീസിന് ആവശ്യമായി വരിക. ജിന്ദിനും സോണിപതിനും ഇടയിൽ 11 സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടായിരിക്കും.
10 കോച്ചുകളുള്ള ട്രെയിനിൽ 2600 യാത്രക്കാർക്ക് സഞ്ചരിക്കാനാകും. ഇന്ധനമായി ഹൈഡ്രജൻ ഉപയോഗിക്കുന്നതിനാൽ അന്തരീക്ഷ മലിനീകരണമില്ല. പരമ്പരാഗത ട്രെയിനുകളെപ്പോലെ മുകളിൽ വൈദ്യുതി കേബിളുകൾ ആവശ്യമില്ലാത്ത ഈ ട്രെയിൻ പുറന്തള്ളുന്നത് കാർബൺ പുകയ്ക്ക് പകരമായി വെറും നീരാവി മാത്രമാണ്.
ലോകത്തിലെ തന്നെ ഏറ്റവും നീളമേറിയ ബ്രോഡ്‌ഗേജ് ഹൈഡ്രജൻ ട്രെയിൻ എന്ന ലോക റെക്കോർഡും നമോ ഗ്രീൻ റെയിലിന് സ്വന്തമായി. നിലവിൽ ജർമ്മനി, യുകെ, ഫ്രാൻസ്, ഇറ്റലി, അമേരിക്ക തുടങ്ങിയ വിരലിലെണ്ണാവുന്ന വികസിത രാജ്യങ്ങളിൽ മാത്രമാണ് ഹൈഡ്രജൻ ട്രെയിനുകൾ പരീക്ഷിക്കുകയോ ഓടിക്കുകയോ ചെയ്യുന്നത്.
നമോ ഗ്രീൻ സർവീസ് യാഥാർത്ഥ്യമായതോടെ ഈ അത്യാധുനിക സുസ്ഥിര സാങ്കേതികവിദ്യ കൈവരിക്കുന്ന ലോകത്തിലെ മുൻനിര രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും അഭിമാനത്തോടെ ഇടംപിടിച്ചിരിക്കുകയാണ്.