Banner Ads

സഹപ്രവർത്തകരെ പറ്റിച്ച് ഓൺലൈൻ റമ്മി; ഏഴു ലക്ഷവുമായി മുങ്ങിയ ട്രെയിനി പോലീസുകാരൻ അറസ്റ്റിൽ

തിരുവനന്തപുരം : സഹപ്രവർത്തകരിൽനിന്ന് തട്ടിയെടുത്ത ലക്ഷക്കണക്കിന് രൂപ ഓൺലൈൻ റമ്മി കളിച്ച് കളഞ്ഞ സംഭവത്തിൽ ട്രെയിനി പോലീസുകാരൻ അറസ്റ്റിൽ. പത്തനംതിട്ട കെഎപി മൂന്നാം ബറ്റാലിയനിലെ ട്രെയിനി പോലീസുകാരനായ ശംഭു ആർ കൃഷ്ണനാണ് അറസ്റ്റിലായത്.

സഹപ്രവർത്തകരിൽ നിന്ന് തയ്യൽ, യൂണിഫോം ചെലവുകൾക്കായി പിരിച്ചെടുത്ത 7.18 ലക്ഷത്തോളം രൂപയാണ് ഇയാൾ തട്ടിയെടുത്തത്.  യൂണിഫോം സാമഗ്രികൾ വാങ്ങുന്നതിനും തയ്യലിനുമായി ഏഴംഗ യൂണിഫോം കമ്മിറ്റി അംഗം കൂടിയായ ശംഭുവുമായി ബന്ധപ്പെട്ട അക്കൗണ്ടുകളിലേക്കാണ് ജൂലൈ മാസത്തിൽ ട്രെയിനി പോലീസുകാർ പണം കൈമാറിയത്. 718320 രൂപയാണ് പിരിച്ചെടുത്തത്.

എന്നാൽ തുക തയ്യൽ സൊസൈറ്റിയിലോ കാന്റീനിലോ അടയ്ക്കാതെ ശംഭു ഓൺലൈൻ റമ്മി കളിച്ച് നഷ്ടപ്പെടുത്തുകയായിരുന്നു. പേരൂർക്കട എസ്എപി ബറ്റാലിയനിലെ കമാൻഡിങ് ഓഫീസർ മുജീബ് റഹ്മാൻ നൽകിയ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഭാരതീയ ന്യായ സംഹിത 318 (4) വകുപ്പ് ചുമത്തിയാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.