Banner Ads

തീവണ്ടി യാത്രക്കാർക്ക് ഇനി സ്റ്റേഷനുകളിൽ; പലചരക്ക് സാധനങ്ങളും വാങ്ങാം

കണ്ണൂർ : തീവണ്ടി യാത്രക്കാർക്ക് ഇനി റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് അരിയും മറ്റ് പലചരക്ക് സാധനങ്ങളും വാങ്ങാം. റെയിൽവേ സ്റ്റേഷനുകളിൽ വൈവിധ്യമാർന്ന സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി പലചരക്ക് കടകൾ ആരംഭിക്കാൻ റെയിൽവേ ടെൻഡർ വിളിച്ചു.

യാത്രക്കാർക്കായി സ്റ്റേഷനുകളില്‍ വൈവിധ്യ സംരംഭങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്. മംഗളൂരു ജങ്‌ഷൻ, നിലമ്പൂർ റോഡ്, കൊയിലാണ്ടി, മാഹി, കാഞ്ഞങ്ങാട്, തിരൂർ, കുറ്റിപ്പുറം എന്നീ സ്റ്റേഷനുകളിലാണ് ആദ്യഘട്ടത്തിൽ പലചരക്ക് കടകൾ തുടങ്ങുന്നത്. മംഗളൂരു ജങ്‌ഷൻ ഒഴികെ ആറ്‌ സ്റ്റേഷനുകളില്‍ ഇതിനൊപ്പം ഫോട്ടോസ്റ്റാറ്റ് മെഷീനും വരും.

റെയിൽവേ സ്റ്റേഷനിലെ ഒഴിഞ്ഞ സ്ഥലങ്ങളിൽ സ്വകാര്യ പരിപാടികൾക്കായി മീറ്റിങ് ഹാളുകൾ സ്ഥാപിക്കാനും പദ്ധതിയുണ്ട്. ഷൊർണൂർ, പൊള്ളാച്ചി എന്നിവിടങ്ങളിലാണ് ഈ സംരംഭം ആദ്യം വരുന്നത്. മംഗളൂരു ജങ്‌ഷൻ, തലശ്ശേരി ഉൾപ്പെടെ ഏഴ് സ്റ്റേഷനുകളിൽ മസാജ് ചെയറുകൾ സ്ഥാപിക്കും.

കാസർകോട്, തിരൂർ, ഷൊർണൂർ ഉൾപ്പെടെ 12 സ്റ്റേഷനുകളിൽ ചെരുപ്പുകടകൾ തുടങ്ങാനും ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. ഈ സംരംഭങ്ങൾ യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്നാണ് റെയിൽവേ പ്രതീക്ഷിക്കുന്നത്.