Banner Ads

ഗണേശ ഘോഷയാത്രയ്ക്കിടെ ദാരുണമായ അപകടം; ഹാസനിൽ 9 പേർ മരിച്ചു

കർണാടക : ഹാസനിൽ നടന്ന വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം ഒമ്പതായി. അപകടത്തിൽ പരിക്കേറ്റ 29 പേരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. അഞ്ചുപേർ സംഭവസ്ഥലത്തും നാലുപേർ ആശുപത്രിയിലും വെച്ചാണ് മരിച്ചത്. മരിച്ചവരിൽ നാലുപേർ വിദ്യാർഥികളാണ്.

ഗണേശ നിമജ്ജന ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. മൊസലെ ഹൊസഹള്ളി ഗവ. എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികളായ സുരേഷ്, പ്രവീൺ, ജെമിനി, മിഥുൻ എന്നിവരാണ് മരിച്ച നാല് വിദ്യാര്‍ത്ഥികൾ. പരിക്കേറ്റവരിലും 15 വിദ്യാർത്ഥികൾ ഉൾപ്പെട്ടിട്ടുണ്ട്.

ട്രക്ക് ഡ്രൈവറായ ഭുവനേശ്വറിനെ അറസ്റ്റ് ചെയ്തു. വാഹനം ഓടിച്ചിരുന്ന സമയത്ത് ഇയാൾ മദ്യപിച്ചിരുന്നു എന്ന സംശയവും നിലനില്‍ക്കുന്നു. മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപ വീതം നൽകും എന്നും മോദി പറഞ്ഞു. സംഭവത്തില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും നടുക്കം രേഖപ്പെടുത്തി.

മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. പരിക്കേറ്റവരുടെ ചികിത്സാ ചെലവുകൾ സർക്കാർ വഹിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.