
തിരുവനന്തപുരം : ശബരിമലയിൽ മലകയറുന്നതിനിടെ ഭക്ത കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ സതി (58) ആണ് മരിച്ചത്. അപ്പാച്ചിമേട് ഭാഗത്ത് വെച്ചാണ് സതി കുഴഞ്ഞുവീണത്. ഇന്നലെ മാത്രം ഒരു ലക്ഷത്തിലധികം ഭക്തരാണ് മല കയറിയത്. ഒന്നര ദിവസത്തിനിടെ 1,63,000-ൽ അധികം പേർ മല ചവിട്ടി.
തിരക്ക് കാരണം ദർശനത്തിനായി 10 മണിക്കൂർ വരെ കാത്തിരിപ്പ് വേണ്ടി വന്നു. ഇന്നലെ ശരാശരി ആറ് മണിക്കൂറാണ് ഭക്തർ ക്യൂവിൽ നിന്നത്. മണിക്കൂറുകൾ വരി നിന്നാണ് തീർത്ഥാടകർ അയ്യപ്പനെ തൊഴുത് മടങ്ങുന്നത്. ദിനംപ്രതി 90,000 പേർക്കാണ് മല കയറാൻ അവസരമുള്ളത്.
സത്രം വഴിയുള്ള കാനന പാതയിലൂടെയും ഇന്നലെ മുതൽ ഭക്തരെ കടത്തിവിട്ടു തുടങ്ങി. ആകെ 18 മണിക്കൂറാണ് ശബരിമലയിൽ ദർശന സമയം. സന്നിധാനത്തെ തിരക്ക് കൂടുന്നത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പമ്പ മുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. സന്നിധാനത്തെ തിരക്ക് പരിഗണിച്ച ശേഷമാകും പമ്പയിൽ നിന്ന് തീർത്ഥാടകരെ കടത്തിവിടുക.