
കോഴിക്കോട് : ജില്ലയുടെ ടൂറിസം സാധ്യതകൾ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചേറുവണ്ണൂർ-ഫറോക്ക് വാക്ക്‌വേ നിർമ്മാണത്തിനായി ടൂറിസം വകുപ്പ് 99,95,000 രൂപ അനുവദിച്ചു. ചാലിയാർ പുഴയുടെ തീരത്തുകൂടി ഫറോക്ക് പഴയ പാലത്തിനും പുതിയ പാലത്തിനും ഇടയിലായാണ് നടപ്പാത നിർമ്മിക്കുക.
ഫറോക്ക് പഴയപാലം ടൂറിസം കേന്ദ്രമായി മാറ്റിയതിന് സഞ്ചാരികളിൽ നിന്ന് ലഭിച്ച ആവേശകരമായ പ്രതികരണം പുതിയ പദ്ധതിക്ക് ഊർജ്ജം പകരുന്നതായി ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. പഴയ പാലം മുതൽ പുതിയ പാലം വരെയുള്ള ഈ നടപ്പാത കോഴിക്കോട് നഗരത്തോട് ചേർന്ന് കിടക്കുന്ന ഏറ്റവും മികച്ച ടൂറിസം ആകർഷണമായി മാറുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ബേപ്പൂർ നിയോജക മണ്ഡലത്തിലെ ഫറോക്ക് പഴയ പാലത്തിനും പിഡബ്ല്യുഡി റസ്റ്റ് ഹൗസിനും ഇടയിലായിട്ടാണ് വാക്ക്‌വേ നിർമ്മിക്കുന്നത്. ഫറോക്ക് പഴയപാലം, പരിസരം, പുതിയ പാലത്തിന് സമീപമുള്ള റിവർ വേൾഡ് പാർക്ക്, പിഡബ്ല്യുഡി റസ്റ്റ് ഹൗസ് പരിസരം എന്നിവ ഇതിനോടകം തന്നെ കോഴിക്കോട്ടെ പ്രധാന ടൂറിസം കേന്ദ്രങ്ങളായി മാറിയിട്ടുണ്ട്. വാക്ക്‌വേ വരുന്നതോടെ ഈ മേഖലയുടെ പ്രാധാന്യം വർദ്ധിക്കും. ഭരണാനുമതി ലഭിച്ച തീയതി മുതൽ ആറ് മാസത്തിനകം പദ്ധതി പൂർത്തിയാക്കണം.