
മലപ്പുറം: മലപ്പുറം ബി.പി. അങ്ങാടിയിൽ കഞ്ചാവ് വിൽപന നടത്തുന്നതിനിടെ മധ്യവയസ്കനായ പ്രതിയെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. അരിക്കാഞ്ചിറ സ്വദേശിയായ അബ്ദുൽ റസാഖ് (56) ആണ് പിടിയിലായത്.വാട്സ്ആപ്പ് വഴിയാണ് ഇയാൾ പ്രധാനമായും കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്.
ആവശ്യക്കാരെ മെസേജ് വഴിയും കോൾ വഴിയും വിളിച്ചു വരുത്തിയായിരുന്നു വിൽപന. പ്രതിയുടെ ഫോൺ പരിശോധിച്ച പോലീസ്, കഞ്ചാവിനായി നിരവധി ആളുകൾ മെസേജ് അയക്കുകയും വിളിക്കുകയും ചെയ്തതായി കണ്ടെത്തി.വിൽപനക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവും പോലീസ് ഇയാളുടെ കൈവശം നിന്ന് കണ്ടെടുത്തു.
തിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ലഹരി വിൽപനക്കാരെ പിടികൂടുന്നതിനായുള്ള പരിശോധനക്കിടെ, പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അബ്ദുൽ റസാഖിനെ പിടികൂടിയത്.തിരൂർ സി.ഐ. മുഹമ്മദ് റഫീക്കിന്റെ നേതൃത്വത്തിൽ എസ്.ഐ. സുജിത്ത്, നിർമൽ, സീനിയർ സി.പി.ഒ. സുജിത്ത്, സി.പി.ഒ.മാരായ ടോണി, ശ്രീജേഷ് ബാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.