
അമ്പലപ്പുഴ: ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ച 77 വയസ്സുകാരന്റെ ശ്വാസനാളത്തിൽ കുടുങ്ങിയ താക്കോൽ, മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ബ്രോങ്കോ സ്‌കോപ്പി വഴി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി ഡോക്ടർമാർ പുറത്തെടുത്തു.ഹരിപ്പാട് ലക്ഷ്മി ഭവനത്തിൽ ചെല്ലപ്പൻ പിള്ള (77).
ചൊവ്വാഴ്ച വീട്ടിൽ ബോധരഹിതനായി വീണതിനെ തുടർന്ന് ഇദ്ദേഹത്തെ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ചെല്ലപ്പൻ പിള്ളയ്ക്ക് ഏറെനേരം ശ്വാസതടസ്സവും ചുമയും അനുഭവപ്പെട്ടതിനെ തുടർന്ന് എക്‌സ്‌റേ പരിശോധന നടത്തിയപ്പോഴാണ് താക്കോൽ ശ്വാസനാളത്തിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്.മറ്റ് ആരോഗ്യ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം ബുധനാഴ്ച ഇദ്ദേഹത്തെ ബ്രോങ്കോ സ്‌കോപ്പിക്ക് വിധേയനാക്കി. രണ്ട് മണിക്കൂറോളം നീണ്ട ശ്രമത്തിലൂടെ ഡോക്ടർമാർ താക്കോൽ വിജയകരമായി പുറത്തെടുത്തു.
പുറത്തെടുത്ത താക്കോലിന് മാസങ്ങളുടെ പഴക്കമുണ്ടെന്ന് ഡോക്ടർമാർ നിരീക്ഷിച്ചു. എന്നാൽ താക്കോൽ എങ്ങനെ ഉള്ളിൽ പോയെന്നതിനെക്കുറിച്ച് ചെല്ലപ്പൻ പിള്ളയ്ക്ക് ഓർമ്മയില്ല.കാർഡിയോളജി വിഭാഗം മേധാവി ഡോ. ഷഫീക്ക്, വാസ്‌കുലാർ സർജൻ ഡോ. ആനന്ദക്കുട്ടൻ, അനസ്‌തേഷ്യ വിഭാഗം പ്രൊഫസറും ആശുപത്രി സൂപ്രണ്ടുമായ ഡോ. എ. ഹരികുമാർ, അനസ്‌തേഷ്യ വിഭാഗം പ്രൊഫസർ ഡോ. വിമൽപ്രദീപ്, ജൂനിയർ റെസിഡന്റ് ഡോ. ജോജി ജോർജ് എന്നിവർ ഉൾപ്പെട്ട വിദഗ്ധ സംഘമാണ് ഈ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്.നിലവിൽ ചെല്ലപ്പൻ പിള്ളയുടെ ആരോഗ്യനില തൃപ്തികരമായതിനാൽ ഇദ്ദേഹത്തെ ആശുപത്രിയിൽനിന്ന് ഡിസ്‌ചാർജ് ചെയ്തു.