
തൃശൂർ : തൃശൂർ അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴി (94) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തൃശൂർ കാച്ചേരി മൈനർ സെമിനാരിയിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു അദ്ദേഹം. തൃശൂർ അതിരൂപതയുടെ രണ്ടാമത്തെ ആർച്ച് ബിഷപ്പായിരുന്ന മാർ തൂങ്കുഴി 2007 വരെ ഈ പദവിയിൽ തുടർന്നു. അദ്ദേഹത്തിന്റെ ഭൗതികശരീരം ജൂബിലി മിഷൻ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
ഞായറാഴ്ച ഉച്ചതിരിഞ്ഞ് ബിഷപ്പ് ഹൗസിൽ പൊതുദർശനത്തിന് വയ്ക്കും. തിങ്കളാഴ്ച രാവിലെ 10 മണിയോടെ തൃശൂർ ലൂർദ് പള്ളിയിൽ പ്രാർത്ഥനാ ചടങ്ങുകൾ നടക്കും. തുടർന്ന് അദ്ദേഹം സ്ഥാപിച്ച ക്രിസ്തുദാസി സന്യാസി സമൂഹത്തിന്റെ ആസ്ഥാനമായ കോഴിക്കോടേക്ക് ഭൗതികശരീരം കൊണ്ടുപോകും. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ഉച്ചതിരിഞ്ഞ് അവിടെയായിരിക്കും സംസ്കാരം.