
മലപ്പുറം : പരിമിതമായ സൗകര്യങ്ങൾക്കിടയിലും ഡോക്ടർമാരുടെ കൂട്ടായ പരിശ്രമത്തിലൂടെ സങ്കീർണ്ണമായ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി മലപ്പുറം പെരിന്തൽമണ്ണ ജില്ലാ ആശുപത്രി. 75 വയസ്സുള്ള ഒരു സ്ത്രീയുടെ വയറ്റിൽ നിന്നാണ് മൂന്നര കിലോഗ്രാം 21×20 സെ മീറ്റർ വലിപ്പമുള്ള മുഴ നീക്കം ചെയ്തത്.വയറിലെ ഗ്യാസിന്റെ പ്രശ്നങ്ങളുമായി ആശുപത്രിയിലെത്തിയ വയോധികയെ സ്കാനിങ്ങിന് വിധേയമാക്കിയപ്പോഴാണ് മുഴ കണ്ടെത്തിയത്.
തുടര്‍ന്ന് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയക്ക് നിര്‍ദേശിക്കുകയായിരുന്നു. പ്രഷർ, പ്രമേഹം, ശ്വാസംമുട്ടൽ എന്നിവയുള്ള രോഗിക്ക് അനസ്തീഷ്യ നൽകുന്നത് ഡോക്ടർമാർക്ക് ഒരു വെല്ലുവിളിയായിരുന്നു. ഗൈനക്കോളജി വിഭാഗത്തിലെ ഡോ റസീന, അനസ്തീഷ്യ വിഭാഗത്തിലെ ഡോ സലീന, ഡോ രഞ്ജിത എന്നിവരുടെ നേതൃത്വത്തിൽ നഴ്സിങ് വിഭാഗത്തിന്റെയും ടെക്‌നീഷ്യന്മാരുടെയും സഹകരണത്തോടെയാണ് ശസ്ത്രക്രിയ വിജയകരമാക്കിയത്.