Banner Ads

കരിയർ തകർക്കുമെന്ന് ഭീഷണി, ആറ് കുട്ടികളെ പീഡിപ്പിച്ചു; ക്രിക്കറ്റ് കോച്ച് രണ്ടാമത്തെ കേസിലും കുറ്റക്കാരൻ, ശിക്ഷ നാളെ

തിരുവനന്തപുരം : ക്രിക്കറ്റ് പരിശീലനത്തിനെത്തിയ പെൺകുട്ടിയെ പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങൾ പകർത്തുകയും ചെയ്ത കേസിൽ പ്രതിയായ ക്രിക്കറ്റ് കോച്ച് വള്ളക്കടവ് ശ്രീവരാഹം സ്വദേശി എം മനു കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർളയാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

കേസിൽ നാളെ ശിക്ഷാവിധി പ്രസ്താവിക്കും. പ്രതിക്കെതിരെയുള്ള ആറ് പീഡനക്കേസുകളിൽ രണ്ടാമത്തെ കേസിലാണ് ഇപ്പോൾ വിധി വരുന്നത്. 2018 മുതൽ തിരുവനന്തപുരത്തെ പ്രമുഖ ക്രിക്കറ്റ് കോച്ചിംഗ് സെന്ററിൽ പരിശീലനത്തിനെത്തിയ പെൺകുട്ടിയെയാണ് പീഡിപ്പിച്ചത്. ജിമ്മിലും ബാത്ത്റൂമിലും കൊണ്ടുപോയി പീഡിപ്പിച്ചതിന് പുറമെ കുട്ടിയുടെ നഗ്നചിത്രങ്ങളും വീഡിയോയും പ്രതി പകർത്തി.

മറ്റൊരു കേസിലെ അതിജീവിതയെ ഭീഷണിപ്പെടുത്തിയാണ് ഈ കുട്ടിയുടെ ദൃശ്യങ്ങൾ എടുത്തത്. പ്രതിയുടെ താല്പര്യങ്ങൾക്ക് വഴങ്ങാതിരുന്നതോടെ കുട്ടിക്ക് കൃത്യമായ പരിശീലനം നൽകാതെയായി. തുടർന്ന് 2019ൽ കുട്ടി മറ്റൊരു കോച്ചിംഗ് സെന്ററിലേക്ക് മാറി. ക്രിക്കറ്റ് ഭാവി തകർക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതിനാലാണ് കുട്ടി സംഭവം പുറത്തുപറയാതിരുന്നത്.

ഈ കുട്ടിയെ കൂടാതെ മറ്റ് അഞ്ച് പെൺകുട്ടികളെയും മനു പീഡിപ്പിച്ചിരുന്നു. ഭയം കാരണം ഇവരും കോച്ചിംഗ് നിർത്തി പോവുകയായിരുന്നു. 2024ൽ തിരുവനന്തപുരത്ത് നടന്ന പെൺകുട്ടികളുടെ ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുക്കാനെത്തിയ ഇരകളിലൊരാൾ വർഷങ്ങൾക്ക് ശേഷം പ്രതിയെ കണ്ട് ഭയന്ന് ബഹളം വെച്ചതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്.

ഈ കുട്ടിയുടെ പരാതിക്ക് പിന്നാലെ മറ്റ് കുട്ടികളും പരാതിയുമായി രംഗത്തെത്തുകയും പ്രതിക്കെതിരെ ആകെ ആറ് കേസുകൾ രജിസ്റ്റർ ചെയ്യുകയുമായിരുന്നു. ഇതിൽ നാല് കേസുകളുടെ വിചാരണ പൂർത്തിയായി. കഴിഞ്ഞ മാസം ആദ്യ കേസിലെ വിധി വന്നപ്പോൾ ഇതേ കോടതി മനുവിനെ ആറ് വർഷം കഠിനതടവിനും 24000 രൂപ പിഴയ്ക്കും ശിക്ഷിച്ചിരുന്നു.