Banner Ads

പാർലമെന്റിൽ മതാചാരം അടിച്ചേൽപ്പിച്ചവർ നന്ദഗോവിന്ദം ഭജൻസിനെ ക്രൂശിക്കുന്നു: സി. കൃഷ്ണചന്ദ്രൻ

തിരുവനന്തപുരം: നന്ദഗോവിന്ദം ഭജൻസുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സംഘപരിവാർ സംഘടനകൾക്കെതിരെ രൂക്ഷവിമർശനവുമായി ആർ.എസ്.പി സംസ്ഥാന കമ്മിറ്റിയംഗം സി. കൃഷ്ണചന്ദ്രൻ. ഇന്ത്യൻ പാർലമെന്റിൽ ഏകപക്ഷീയമായി മതാചാരങ്ങൾ അടിച്ചേൽപ്പിച്ചവരാണ് ഇപ്പോൾ ഒരു ഗാനത്തിന്റെ പേരിൽ കലാകാരന്മാരെ വേട്ടയാടുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

മതേതര സ്ഥാപനമായ ഇന്ത്യൻ പാർലമെന്റിന്റെ പുതിയ മന്ദിര ഉദ്ഘാടന വേളയിൽ ഗണപതി ഹോമവും ചെങ്കോൽ സ്ഥാപിക്കലും നടത്തിയത് ജനാധിപത്യ വിരുദ്ധമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.”നിയമനിർമ്മാണ സഭയിൽ സന്യാസികളെ കയറ്റുകയും ഏകപക്ഷീയമായി വിശ്വാസങ്ങൾ അടിച്ചേൽപ്പിക്കുകയും ചെയ്തപ്പോൾ മൗനം പാലിച്ചവരാണ്, വേമ്പിൻകുളങ്ങര ക്ഷേത്ര പുനരുദ്ധാരണ ഫണ്ട് സമാഹരണ പരിപാടിയിലെ ഒരു ഗാനത്തെ ചൊല്ലി ബാലിശമായ വാദങ്ങൾ ഉന്നയിക്കുന്നത്.

” – കൃഷ്ണചന്ദ്രൻ പറഞ്ഞു.വേമ്പിൻകുളങ്ങര ക്ഷേത്ര ഭാരവാഹികൾ തന്നെ കാര്യങ്ങൾ വ്യക്തമാക്കിയിട്ടും വിവാദം കൊഴുപ്പിക്കുന്നത് നിഗൂഢ അജണ്ടയുടെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു.പരിപാടി നടന്നത് ക്ഷേത്ര മതിൽക്കെട്ടിന് പുറത്താണ്.

ജാതിമതഭേദമന്യേ എല്ലാവർക്കും പാസ് നൽകിയിരുന്നു.

നാടിന്റെ ഐക്യത്തിനായി സൗജന്യമായാണ് നന്ദഗോവിന്ദം ഭജൻസ് പരിപാടി അവതരിപ്പിച്ചത്.

ഇതൊന്നും കണക്കിലെടുക്കാതെ വിഗ്രഹത്തിന് മുന്നിൽ ഇരുന്നാണ് പാടിയതെന്ന തരത്തിൽ വ്യാജ പ്രചാരണം നടത്തുന്നത് വിദ്വേഷം വളർത്താനാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലയുടെ നിലപാടുകളെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.

“കെ.പി. ശശികല എന്ന വീട്ടമ്മയോടാണ് സംസാരിക്കുന്നത്, ഡിവൈഡമ്മയോടല്ല” എന്ന് അദ്ദേഹം പരിഹസിച്ചു. അന്യമത വിദ്വേഷം പ്രചരിപ്പിക്കുന്നവർ യഥാർത്ഥ ഹിന്ദു വിശ്വാസികളല്ലെന്നും കാപട്യക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നന്ദഗോവിന്ദം ഭജൻസ് 25 വർഷമായി നിലനിൽക്കുന്ന സൗഹൃദ കൂട്ടായ്മയാണെന്നും ഭീഷണിപ്പെടുത്തി ഇത്തരം കലാരൂപങ്ങളെ ഇല്ലാതാക്കാൻ കഴിയില്ലെന്നും കൃഷ്ണചന്ദ്രൻ വ്യക്തമാക്കി.

മാറിയ കാലത്തിനനുസരിച്ച് ചിന്തിക്കാൻ തയ്യാറാകാതെ ജനങ്ങളെ വിഭജിക്കാനുള്ള നീക്കത്തിൽ നിന്ന് വിദ്വേഷ പ്രചാരകർ പിന്മാറണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.