
തിരുവനന്തപുരം : സംസ്ഥാനത്തെത്തുന്ന ഇതര സംസ്ഥാന ടൂറിസ്റ്റ് ബസുകളുടെ നികുതി വെട്ടിപ്പ് കണ്ടെത്താനായി മോട്ടോർ വാഹന വകുപ്പ് (എംവിഡി) നടത്തിയ മിന്നൽ പരിശോധനയിൽ 28 ബസുകൾ പിടിച്ചെടുത്തു. ഇന്ന് പുലർച്ചെ 3 മണിയോടെയാണ് കൊച്ചിയുടെ വിവിധ ഭാഗങ്ങളിൽ പരിശോധന നടന്നത്.
കേരളത്തിലേക്ക് കടക്കുമ്പോൾ അടയ്ക്കേണ്ട പ്രവേശന നികുതി ഈ വാഹനങ്ങൾ അടച്ചിരുന്നില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. ഓൾ ഇന്ത്യ പെർമിറ്റ് ബസുകളാണെങ്കിലും സംസ്ഥാനത്തേക്ക് പ്രവേശിക്കുമ്പോൾ നിശ്ചിത നികുതി അടയ്ക്കേണ്ടതുണ്ട്. പിടിച്ചെടുത്ത വാഹനങ്ങളിൽ മറ്റു ജില്ലകളിലേക്ക് പോകേണ്ട ബസുകൾ വരെ ഉൾപ്പെട്ടിരുന്നു.
യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിലാണ് എംവിഡി നടപടികൾ സ്വീകരിച്ചത്. യാത്രക്കാരെ കൃത്യ സ്ഥലങ്ങളിൽ ഇറക്കിയ ശേഷം തിരിച്ച് കൊച്ചിയിലെത്താൻ ബസുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നികുതി അടച്ച ശേഷം വാഹനങ്ങൾ വിട്ടുകൊടുക്കുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.