Banner Ads

ഭരണവിരുദ്ധ വികാരമില്ല, ജനപിന്തുണ മുഖ്യമന്ത്രിക്ക്; വോട്ടെണ്ണലിന് മുൻപേ വിജയപ്രതീക്ഷയുമായി എൽഡിഎഫ്

തിരുവനന്തപുരം : കേരളത്തിൽ ഇടതുമുന്നണി തുടർഭരണം നേടുമെന്ന കാര്യത്തിൽ തങ്ങൾക്ക് ലവലേശം ആശങ്കയില്ലെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. വിജയം ഉറപ്പാണെന്ന് കരുതി കെപിസിസി ആസ്ഥാനത്ത് പന്തലിട്ടവർക്ക് നാളെ മറുപടി പറയേണ്ടി വരും.

ഫലം വരും മുൻപേ മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന പതിവ് ഇടതുപക്ഷത്തിനില്ല. പിണറായി വിജയന്റേത് കരുത്തുറ്റ നേതൃത്വമാണ്. എക്സിറ്റ് പോളുകളിൽ അദ്ദേഹത്തിന് ലഭിച്ച വലിയ ജനപിന്തുണ ഭരണവിരുദ്ധ വികാരം സംസ്ഥാനത്തില്ല എന്നതിന്റെ തെളിവാണ്. ബേപ്പൂരിൽ പിവി അൻവർ പരാജയപ്പെടുമെന്നുറപ്പാണ്. എന്നാൽ തോറ്റാൽ മൊട്ടയടിക്കുമെന്ന് പറഞ്ഞ് വാശി പിടിക്കരുത്.

തോറ്റാലും അദ്ദേഹം മൊട്ടയടിക്കരുതെന്നാണ് തന്റെ ആഗ്രഹമെന്നും ടിപി രാമകൃഷ്ണൻ കൂട്ടിച്ചേർത്തു. പേരാമ്പ്രയിൽ യാതൊരു ആശങ്കയുമില്ല. ജനപ്രതിനിധിയെന്ന നിലയിൽ എല്ലാവർക്കും വേണ്ടിയാണ് പ്രവർത്തിച്ചതെന്നും രാമകൃഷ്ണൻ വ്യക്തമാക്കി.